ഞ്ചാബുകാരനായ മില്‍ഖാ സിങ് ലോകത്തിന്റെ പലഭാഗങ്ങളില്‍ ചെന്ന് ഒരുപാട് പേരെ ഓടി തോല്‍പ്പിച്ച് പറക്കും സിഖ് എന്ന പേര് നേടിയ കഥ, പാഠപുസ്തകത്തിലായിരുന്നു വായിച്ചത്. അന്നു തൊട്ട് കൊതിച്ചതാണ് അദ്ദേഹത്തെ ഒന്ന് കാണണമെന്ന്. 2001 ഓഗസ്റ്റ് മാസത്തിലാണ് അതിനുള്ള അവസരം വന്നത്. 

ട്രാക്കിനോട് വിടപറഞ്ഞ് ഏറെ കാലത്തിനു ശേഷം 66-കാരനായ മില്‍ഖാ സിങ്ങിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. വൈകിയെത്തിയ അംഗീകാരം പക്ഷെ മില്‍ഖയെ ചൊടിപ്പിച്ചു. അനര്‍ഹരായ ഒരുപാട് പേര്‍ക്ക് നല്‍കപ്പെട്ട പുരസ്‌കാരം തനിക്ക് വേണ്ടെന്ന് മില്‍ഖ തുറന്നടിച്ചു. അതോടെ സംഗതി വിവാദമായി. വാദപ്രതിവാദങ്ങള്‍ മുറുകി. ആ സമയത്ത് മാതൃഭൂമിക്ക് വേണ്ടി മില്‍ഖയെ കണ്ട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്നെ അസൈന്‍ ചെയ്തു. ഏറെ കാത്തിരുന്ന അവസരം.

മില്‍ഖയുടെ വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ച് പലതവണ വിളിച്ച് നോക്കി. ആരും ഫോണെടുക്കുന്നില്ല. അങ്ങനെ കാണാന്‍ മുന്‍കൂട്ടി അനുവാദം തേടാതെ തന്നെ മില്‍ഖയുടെ നഗരമായ ചണ്ഡീഗഡിലേക്ക് വണ്ടി കയറി. അവിടെയെത്തിയ ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം തന്നെ ഫോണെടുത്തു. കാര്യം പറഞ്ഞപ്പോള്‍ അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണം കിട്ടി.

നഗരത്തില്‍ സര്‍ദാര്‍ മില്‍ഖാസിങ്ങിന്റെ വീട് കണ്ടെത്താന്‍ വിഷമമുണ്ടാവില്ലെന്നാണ് കരുതിയത്. എട്ടാം സെക്ടറിലാണ് വീടെന്ന്  മില്‍ഖ തന്നെ പറഞ്ഞുതന്നിരുന്നു. സെക്ടര്‍ എട്ടില്‍ മില്‍ഖാ സിങ്ങിന്റെ വീടുവരെ പോവണമെന്ന് കേട്ടയുടനാണ് റിക്ഷക്കാരന്റെ അജ്ഞത വെളിപ്പെട്ടത്? ''ഏത് മില്‍ഖാസിങ്ങ്?''അയാളുടെ കൂസലില്ലാത്ത ചോദ്യം. ഇന്ത്യയുടെ പഴയ അത്ലറ്റ്, പറക്കും സിഖ് എന്നെല്ലാം പറഞ്ഞു നോക്കി. രക്ഷയില്ല. അങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുപോലുമില്ല അയാള്‍. തന്റെ കൂലി ചോദിച്ചുവാങ്ങി റിക്ഷയുമായി അയാള്‍ പോയി. പിന്നെ കണ്ടത് സ്റ്റണ്‍ഗണ്ണുമായി നില്‍ക്കുന്ന രണ്ട് പോലീസുകാരെയാണ്. ഞങ്ങള്‍ അടുത്തുചെന്ന് അവര്‍ക്ക് അത്ര  പരിചിതമല്ലാത്ത ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സംശയത്തോടെയാണ് പ്രതികരണം. കൈയിലെ തോക്കില്‍ ഒന്നുകൂടി പിടിമുറുക്കി പോലീസുകാരന്‍ ചോദിച്ചു.''മില്‍ഖാ സിങ്ങോ, അദ്ദേഹം ഡല്‍ഹിക്കാരനല്ലേ?''

the flying sikh India's track and field sprinter legend Milkha Singh
മില്‍ഖയുടെ ചണ്ഡീഗഢിലെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ലേഖകന്‍

അല്ല ചണ്ഡീഗഢിലാണ് മില്‍ഖയുടെ വീടെന്ന് പറഞ്ഞപ്പോള്‍ പോലീസുകാരന് വിശ്വാസം പോര. ''നിങ്ങള്‍ക്ക് അത്ര ഉറപ്പാണെങ്കില്‍ മറ്റാരൊടെങ്കിലും തിരക്ക്. എനിക്കറിയില്ല.'' ഒട്ടും മയമില്ലാത്ത ഭാഷയില്‍ പോലീസുകാരന്‍ പറഞ്ഞൊഴിഞ്ഞു. ഒന്നുരണ്ട് പേരോടുകൂടി തിരക്കി മില്‍ഖയുടെ വീട്. പക്ഷേ അവര്‍ക്കൊന്നും മില്‍ഖ ചണ്ഡീഗഢിലാണ് താമസമെന്നുപോലും ഉറപ്പില്ല.

രാജ്യംമുഴുവന്‍ അറിയുന്ന, ബഹുമാനിക്കുന്ന കായികതാരം. 1960-ലെ റോം ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച 'പറക്കും സിഖ്' സ്വന്തം നഗരത്തില്‍ അജ്ഞാതന്‍! അത്ഭുതം തോന്നി. ഇനി എന്തുചെയ്യും? വിഷമിച്ചു നില്‍ക്കുമ്പോഴാണ് ആറേഴ് വയസ്സുള്ള ഒരു സിഖ് ബാലന്റെ വരവ്. തലയില്‍ കോഴിമുട്ടയുടെ വലുപ്പത്തില്‍ മുടി ചുരുട്ടിക്കെട്ടിയിരിക്കുന്ന ഒരു തടിയന്‍ പയ്യന്‍. മുതിര്‍ന്നവര്‍ക്കറിയാത്ത മില്‍ഖയുടെ വീട് ഇവനെങ്ങനെ അറിയാന്‍? എങ്കിലും ഒന്നു പരീക്ഷിച്ചുകളയാമെന്ന് കരുതി.

''മില്‍ഖാ സിങ്ങിന്റെ വീടെവിടെയാണ്?'' മില്‍ഖാ എന്ന് കേട്ടപ്പോള്‍ത്തന്നെ അവന്റെ മുഖത്ത് ഒരു പ്രസാദം. ''വരൂ അങ്കിള്‍, ഞാന്‍ കാണിച്ചുതരാം. എന്റെ വീടിനടുത്താണ് അദ്ദേഹത്തിന്റെ താമസം.'' മന്‍ജിത് (അതാണവന്റെ പേര്) ധൃതി പിടിച്ച് മുന്നില്‍ നടന്നു. ഞാന്‍ ആരെന്നും എന്തിനാണ് മില്‍ഖയെ കാണുന്നതെന്നും അവന്‍ തിരക്കി. മില്‍ഖയോട് വഴിയില്‍ കാണുമ്പോള്‍ സംസാരിക്കാറുണ്ടെന്ന് അല്‍പം അഭിമാനത്തോടെ മന്‍ജിത്ത് പറഞ്ഞു. കുറച്ചുദൂരം നടക്കാനുണ്ട്. അപ്പോഴേക്കും മന്‍ജിത്ത് കിതച്ചുതുടങ്ങി. എങ്കിലും മില്‍ഖയുടെ വീടിനുമുന്നിലെ വലിയ ഗെയിറ്റിനു മുന്നില്‍ ഞങ്ങളെ കൊണ്ടുനിര്‍ത്തി. മില്‍ഖയുമായി ദിവസവും സംസാരിക്കുന്ന ആളല്ലേ. ഒന്നുകണ്ടിട്ട് പോവരുതോ എന്ന് ചോദിച്ചപ്പോള്‍ മന്‍ജിത് പറഞ്ഞു: ''ഇപ്പോള്‍ ഞാനില്ല. അല്‍പം തിരക്കുണ്ട്.'' മനോഹരമായി ഒന്ന് പുഞ്ചിരിച്ചശേഷം അവന്‍ കിതച്ചുകൊണ്ട് തിരിച്ചുനടന്നു.

ഗേറ്റ് തള്ളിത്തുറന്നപ്പോള്‍ വലിയൊരു നായയും കാവല്‍ക്കാരനും ഒരുമിച്ച് ചാടിവീണു. മില്‍ഖയെ കാണാന്‍ കേരളത്തില്‍നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ ഒന്നയഞ്ഞു. നായ പക്ഷേ, വിടാന്‍ ഭാവമില്ല. ഉറക്കെ കുരച്ച് ഞങ്ങളുടെനേരെ ചാടുന്നു. കാവല്‍ക്കാരന്‍ നായയെ പിടിച്ചുനിര്‍ത്തി. സാമാന്യം വലിയൊരു ബംഗ്ലാവ് തന്നെയാണ് മില്‍ഖയുടേത്. വിശാലമായ ലോണ്‍, പൂന്തോട്ടം, മുറ്റത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.

ബഡി ദൂര്‍ സെ ആയേഹെ.... പ്യാര് കാ തോഫാലാ യേഹേ........ പരുക്കന്‍ ശബ്ദത്തില്‍ ഉറക്കെയുള്ള പാട്ട് വരാന്തയില്‍നിന്ന് കേള്‍ക്കുന്നു. മില്‍ഖ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ്. വലിയൊരു കസേരയില്‍ ചാരിയിരുന്ന് കണ്ണടച്ച് കൈകൊണ്ട് താളംപിടിച്ചുകൊണ്ട് പാടുകയാണ്. ആരോ കാണാന്‍ വന്നിരിക്കുന്നുവെന്ന് കാവല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു. നേരത്തെ ഫോണില്‍ വിളിച്ചിരുന്നതുകൊണ്ടാവാം പരിചയപ്പെടുത്തേണ്ടിവന്നില്ല. അകത്തേക്കു ക്ഷണിച്ചു. പാടുന്നതുപോലെ ഉറക്കെയാണ് സംസാരവും. പരുക്കനായ മനുഷ്യനാവും മില്‍ഖാ സിങ്ങ് എന്ന് എന്തുകൊണ്ടോ ഞാന്‍ കരുതിയിരുന്നു. എന്നാല്‍ വളരെ സ്നേഹത്തോടെ, വാല്‍സല്യത്തോടെയാണ് അദ്ദേഹം ഞങ്ങളോട് ഇടപെട്ടത്. വീട്ടിനകത്തേക്ക് കൊണ്ടു പോയി തനിക്ക് കിട്ടിയ മെഡലുകളും സമ്മാനങ്ങളുമെല്ലാം കാണിച്ചു തന്നു. ഭാര്യ നിര്‍മല്‍ കൗറിനെ പരിചയപ്പെടുത്തി. ദേശീയ വനിതാ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിര്‍മലയെ മില്‍ഖ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

the flying sikh India's track and field sprinter legend Milkha Singh
മില്‍ഖ കാള്‍ ലൂയിസിനൊപ്പം

'ഞങ്ങളുടേത് യഥാര്‍ഥ സ്പോര്‍ട്സ് കുടുംബമാണ്. ഞാന്‍ അത്​ലറ്റ്. നിര്‍മല വോളി താരം. മകന്‍ ജീവ് ഗോള്‍ഫ് കളിക്കാരനും.' പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ ഏറെ വിജയങ്ങള്‍ നേടിയ ഗോള്‍ഫ് താരവും ലോക ഗോള്‍ഫ് റാങ്കിങ്ങില്‍ ആദ്യമായി നൂറിനുള്ളില്‍ സ്ഥാനം നേടിയ ആദ്യ ഇന്ത്യക്കാരനുമായ ജീവ് മില്‍ഖയാണ് മില്‍ഖാ സിങ്ങിന്റെ മകന്‍.

മില്‍ഖയുടെ ബാല്യകാലത്തെ കുറിച്ച് ചോദിച്ചു കൊണ്ടാണ് ഞാന്‍ അഭിമുഖത്തിന് തുടക്കമിട്ടത്. ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതെന്തോ ഓര്‍മിച്ചതുപോലെ അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി. ''അതൊക്കെ വലിയ ട്രാജഡിയാണ്. എങ്കിലും പറയാം. 1928-ല്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ മുസാഫര്‍ഗഢിലാണ് ഞാന്‍ ജനിച്ചത്. 16 മക്കളായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ പട്ടിണിയും പരിവട്ടവും പതിവായിരുന്നു. വീട്ടില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലായിരുന്നു പഠനം. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ചെരിപ്പിടാതെ സ്‌കൂളിലേക്കുള്ള യാത്ര ഇന്നും ഞാനോര്‍ക്കുന്നു. കാല് പൊള്ളാതിരിക്കാന്‍ ഓടും. അങ്ങനെയാണ് ഞാനൊരു ഓട്ടക്കാരനായത്. അല്ലാതെ ചെറുപ്പത്തില്‍ എനിക്കാരും ട്രെയിനിങ്ങ് തന്നിട്ടില്ല. എന്റെ പതിനെട്ടാം വയസ്സിലായിരുന്നു ഇന്ത്യാ-പാക് വിഭജനം. ലഹളക്കാരെത്തി. നിര്‍ദയരായിരുന്നു അവര്‍. എന്റെ മൂന്നു സഹോദരന്മാര്‍ വാളിനിരയായി. കലാപഭൂമിയില്‍ നിന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി. അനാഥന്‍, തൊഴില്‍രഹിതന്‍. കുറേ അലഞ്ഞു. പിന്നെ ജോലിക്കായുള്ള നെട്ടോട്ടം. ഒടുവില്‍ പട്ടാളത്തില്‍, ഇ.എം.ഇ.യില്‍ ജോലി കിട്ടി. ആര്‍മിയില്‍വെച്ചാണ് ഞാന്‍ അത്ലറ്റായത്. ഇന്ത്യന്‍ ആര്‍മിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.''

ആര്‍മി ക്യാമ്പിലുണ്ടായിരുന്ന ഹവില്‍ദാര്‍ ഗുര്‍ദേവ് സിങ്ങാണ് മികച്ചൊരു സ്പ്രിന്റര്‍ക്കുവേണ്ട പ്രത്യേകതകള്‍ മില്‍ഖയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ദിവസേനയുള്ള ട്രെയ്നിങ്ങ് സമയത്ത് മില്‍ഖ ഓടുന്നത് കണ്ട ഗുര്‍ദേവ് വിളിപ്പിച്ചു. പട്ടാളക്കാര്‍ക്കുവേണ്ടി നടത്തുന്ന ഗെയിംസില്‍ 400 മീറ്ററില്‍ പങ്കെടുക്കുന്നതിനായി പ്രാഥമിക പരിശീലനം നല്‍കി. ആര്‍മിയില്‍ പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965-ലെ ദേശീയ അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. പക്ഷേ, ദേശീയ മീറ്റില്‍ മില്‍ഖക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മില്‍ഖ ഓടുന്ന ശൈലിയില്‍ ആകൃഷ്ടനായി അദ്ദേഹത്തെ  മെല്‍ബണ്‍ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാര്‍ശ ചെയ്തു. ആദ്യമായായിരുന്നു മില്‍ഖ പ്രൊഫഷണലായ ഒരു പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ മില്‍ഖയുടെ പ്രകടനം മെച്ചപ്പെടാന്‍ തുടങ്ങി. പക്ഷേ, ക്യാമ്പിലുണ്ടായിരുന്ന ചില അത്ലറ്റുകള്‍ക്ക് അതത്ര പിടിച്ചില്ല. മില്‍ഖ കാരണം അവരുടെ അവസരം നഷ്ടമാവുമെന്ന ഭയമായിരുന്നു കാരണം. രാത്രി ഉറങ്ങിക്കിടക്കുന്ന മില്‍ഖയെ അവര്‍ ആക്രമിച്ചു. ഭാഗ്യത്തിന് ചെറിയ പരിക്കേ പറ്റിയുള്ളൂ. ഒളിമ്പിക്സ് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ മില്‍ഖ അവിടെ ആദ്യറൗണ്ടില്‍ത്തന്നെ തോറ്റ് ഞാന്‍ പുറത്താവുകയായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം 1958-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ സ്വര്‍ണം നേടി. ആദ്യമായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു ഇന്ത്യന്‍ അത്​ലറ്റ് സ്വര്‍ണമണിയുന്നത്. ആ മെഡല്‍ നേടിയ ഉടന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മില്‍ഖയെ ഫോണില്‍ വിളിച്ചു. എന്ത് സമ്മാനം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്ത് ചോദിച്ചാലും പണ്ഡിറ്റ്ജി കൊടുക്കുമായിരുന്നു. പക്ഷേ, മില്‍ഖ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ഈ വിജയത്തിന്റെ ആഹ്ലാദസൂചകമായി രാജ്യത്ത് ഒരു ദിവസത്തെ പൊതുഅവധി നല്‍കണമെന്നായിരുന്നു അത്. ''കായികതാരങ്ങളുടെ മനസ്സറിഞ്ഞ നേതാവായിരുന്നു അദ്ദേഹം. പണ്ഡിറ്റ്ജിയെപ്പോലുള്ള ഭരണകര്‍ത്താക്കള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് രക്ഷപ്പെട്ടുപോവുമായിരുന്നു.'' - മില്‍ഖ പറഞ്ഞു.

1960-ല്‍ വീണ്ടുമൊരു  ഒളിമ്പിക്സില്‍ മല്‍സരിക്കാന്‍ റോമിലേക്ക് പോവുമ്പോള്‍ മില്‍ഖ ഏറെ മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങളുടെ പരിശീലനവും അത് നല്‍കിയ ആത്മവിശ്വാസവും വലുതായിരുന്നു. മെഡല്‍ നേടാനാവുമെന്ന് ഉറപ്പിച്ചാണ് യാത്രതിരിച്ചത്. ഹീറ്റ്സില്‍ മികച്ച പ്രകടനമായിരുന്നു. അന്നത്തെ ഒളിമ്പിക്സ് റെക്കോര്‍ഡ് തകര്‍ത്തു. ഫൈനലിനുമുമ്പേ മില്‍ഖയ്ക്കാവും സ്വര്‍ണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വെടിയൊച്ച കേട്ട ഉടന്‍ മുന്നോട്ട് കുതിച്ച മില്‍ഖയായിരുന്നു 200 മീറ്റര്‍ പിന്നിടുമ്പോള്‍ മുന്നില്‍. പിന്നെ വലിയൊരു അബദ്ധം കാണിച്ചു. എത്ര പിന്നിലാണ് പ്രതിയോഗികള്‍ എന്നറിയാന്‍ ഒന്നു തിരിഞ്ഞുനോക്കി. അത് വന്‍ദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേര്‍ മുന്നില്‍ക്കയറി. പിന്നെ മില്‍ഖ ഉള്‍പ്പെടെ രണ്ടുപേര്‍ ഒരുമിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വര്‍ണവും വെള്ളിയും നേടിയവരുടെ പേരുകള്‍ ഉടന്‍ അനൗണ്‍സ് ചെയ്തു. വെങ്കലമെഡല്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിങ്ങിലാണ് തീരുമാനം. കുറച്ചുകഴിഞ്ഞാണ് അനൗണ്‍സ്മെന്റ് വന്നത്. സെക്കന്റിന്റെ പത്തില്‍ ഒരംശം വ്യത്യാസത്തില്‍ മില്‍ഖയ്ക്ക് മെഡല്‍ നഷ്ടമായി. നാലാംസ്ഥാനംമാത്രം.

''എന്റെ അച്ഛനും അമ്മയും മരിച്ചശേഷം ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. പിന്നീട് ഒരുപാട് രാത്രികളില്‍ ആ ഫിനിഷിങ് സ്വപ്നത്തില്‍ക്കണ്ട് ഞെട്ടി ഉണര്‍ന്ന് കരഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു ഒളിമ്പിക്സ് മെഡല്‍ സമ്മാനിക്കാന്‍ എനിക്ക് കഴിയാതെ പോയി.'' - വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മില്‍ഖയുടെ ഹൃദയത്തില്‍ നിന്ന് ആ മുറിപ്പാട് മാഞ്ഞിട്ടില്ല.

സത്യത്തില്‍ പറക്കും സിഖ് എന്ന പേര് നല്‍കിയത് പാകിസ്താന്‍കരാണ്. 1960-ല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മില്‍ഖക്ക് ക്ഷണം വന്നു. കുട്ടിക്കാലത്തെ ദുരന്തസ്മരണകള്‍ കാരണം അവിടേക്ക് പോവാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു. പിന്നീട് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രേരണയിലാണ് അദ്ദേഹം അങ്ങോട്ട് പോയത്. അവിടെ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിലെ 100 മീറ്റര്‍ ജേതാവുമായ അബ്ദുള്‍ അലീഖുമായി മത്സരിച്ചു ജയിച്ചു. പാക് പ്രസിഡന്റ് അയൂബ്ഖാന്‍ മത്സരം കാണാന്‍ വന്നിരുന്നു. അദ്ദേഹമാണ് ആദ്യമായി പറക്കും സിഖ് എന്ന് മില്‍ഖയെ വിളിച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ട അഭിമുഖം അവസാനിക്കുമ്പോള്‍ അര്‍ജുന അവാര്‍ഡ് നിരസിക്കാന്‍ എന്തായിരുന്നു കാരണമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രോഷം ഉള്ളില്‍ അടക്കികൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്.

the flying sikh India's track and field sprinter legend Milkha Singh
മകന്‍ ജീവിനൊപ്പം

''രാജ്യം തരുന്ന ബഹുമതികള്‍ വിലപ്പെട്ടതാണ്. എനിക്ക് പത്മശ്രീ തന്നപ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. പക്ഷേ 2001-ല്‍ എനിക്ക് അര്‍ജുന തന്നപ്പോള്‍ അത് സ്വീകരിക്കാന്‍ പറ്റാതായിരുന്നു. കാരണം, ആ അവാര്‍ഡ് നിശ്ചയിക്കുന്നവര്‍തന്നെ അതിന്റെ വിലയിടിച്ചുകളഞ്ഞു. അര്‍ജുന അവാര്‍ഡ് ഒന്ന് എന്റെ വീട്ടിലുണ്ട്. എന്റെ മകന്‍ ജീവ് മില്‍ഖാസിങ്ങിന് ലഭിച്ചത്. അവന്‍ ഗോള്‍ഫ് താരമാണ്. എന്റെ മകന് അര്‍ജുന ലഭിച്ച്  വര്‍ഷങ്ങള്‍ക്കുശേഷമാണ് എനിക്ക് ആ അവാര്‍ഡ് തരണമെന്ന് അവര്‍ക്ക് തോന്നിയത്. എന്തൊരു തമാശയാണത്. പക്ഷേ, നിരസിച്ചത് അതുകൊണ്ടല്ല, എനിക്കൊപ്പം അവാര്‍ഡ് നല്‍കുന്നവരുടെ പട്ടിക കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ദേശീയ മീറ്റുകളില്‍ പോലും മികച്ചപ്രകടനം നടത്താത്ത ചിലര്‍. സ്പോര്‍ട്സ് അസോസിയേഷനുകളുടെയും കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെയും സ്വന്തക്കാരായിരുന്നു പലരും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഞാന്‍ അന്നത്തെ സ്പോര്‍ട്സ് മന്ത്രി ഉമാഭാരതിക്ക് കത്തെഴുതി. പക്ഷേ, അവാര്‍ഡ് നിര്‍ണയത്തിലെ അപാകതകള്‍ തിരുത്തുന്നതിനുപകരം എന്നോട് അവാര്‍ഡ് സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു അവര്‍ ചെയ്തത്. അതിന് ഈ മില്‍ഖയെ കിട്ടില്ല.''

മില്‍ഖ സിങ്ങ് അങ്ങിനെയാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മനുഷ്യന്‍. മാസങ്ങള്‍ക്ക് ശേഷം പഞ്ചാബില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ദീപംകൊളുത്താന്‍ വിശിഷ്ടാതിഥിയായി ക്ഷണികപ്പെട്ടത് മില്‍ഖയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഗെയിംസ് ദീപം കൊളുത്താന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് തീനാളങ്ങള്‍ പാറുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഉദ്ഘടന ചടങ്ങിന്റെ പൊലിമക്കിടയില്‍ ആരുമത് വലിയ കാര്യമാക്കിയില്ല. പക്ഷെ അതിനെ കുറിച്ച് അദ്ദേഹത്തിന്റെ കമന്റ് എടുക്കണമെന്ന് തോന്നി. ചടങ്ങ് അവസാനിച്ചപ്പോള്‍ മീഡിയാ ബോക്സില്‍ നിന്നിറങ്ങി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വി.ഐ.പി ഗ്യാലറിക്ക് താഴെ വരെ ചെന്നു. പക്ഷെ മുകളിലേക്ക് പോലീസുകാര്‍ കടത്തി വിടുന്നില്ല. കുറച്ചു നേരം കാത്തു നിന്നപ്പോള്‍ മില്‍ഖ ഇറങ്ങി വരുന്നു. ഞാന്‍ അടുത്തു ചെന്ന് പരിചയം പുതുക്കി. ദീപം കൊളുത്തുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം രോഷത്തോടെ തന്നെ പറഞ്ഞു, ''തീ പാറി എന്റെ താടി കത്തിയേനേ. ആദരിക്കാനല്ല. അപമാനിക്കാനാണിവര്‍ എന്നെ ഇവിടെ കൊണ്ടു വന്നത്.''

the flying sikh India's track and field sprinter legend Milkha Singh
മില്‍ഖ പി.ടി ഉഷയ്ക്കും മോഹന്‍ലാലിനുമൊപ്പം

രണ്ട് വര്‍ഷത്തിനു ശേഷം മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ മികച്ച കായിക താരത്തിനുള്ള അവാര്‍ഡ് അഞ്ജു ബോബി ജോര്‍ജിന് സമ്മാനിക്കുന്നതിനായി മാതൃഭൂമിയുടെ ക്ഷണം സ്വീകരിച്ച് മില്‍ഖ നിര്‍മല്‍ കൗറിനൊപ്പം കേരളത്തില്‍ വന്നു. അഞ്ജുവിന്റെ ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ബോബിയുടെ നാടായ പേരാവൂരില്‍ വെച്ചായിരുന്നു അവാര്‍ഡ്ദാനചടങ്ങ്. കോഴിക്കോട്ടേയും പേരാവൂരിലേയും സ്വീകരണവും നാട്ടുകാര്‍ നല്‍കിയ സ്നേഹവും മില്‍ഖയെ ഏറെ സന്തോഷിപ്പിച്ചു. തിരിച്ചുപോവുന്നതിന് മുമ്പ് ഔപചാരികതയുടെ ഭാഗമായി അദ്ദേഹത്തോട് ചോദിച്ചു. ''ഞങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകളൊന്നും ഉണ്ടായില്ലല്ലോ? അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ച് കളഞ്ഞു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് കേരളത്തില്‍ ജനിച്ചാല്‍ മതി. അത്രയ്ക്ക് ഭംഗിയുള്ള നാടാണിത്. നിങ്ങള്‍ മലയാളികള്‍ സ്നേഹമുള്ളവരാണ്. ഇത് പറക്കും സിഖ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ്.'' മില്‍ഖയുടെ നല്ല വാക്കുകളില്‍ ഒരു നിമിഷം ഞാന്‍ മതിമറന്നു പോയി.

2013-ല്‍ മില്‍ഖയുടെ ജീവിതം ഇതിവൃത്തമാക്കി രാകേഷ് ഓംപ്രകാശ് മെഹ്റ ഭാഗ് മില്‍ഖ ഭാഗ് എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തു. അതില്‍ മില്‍ഖയായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ അഭിനയിച്ച് തകര്‍ത്തു. ബോക്സോഫീസില്‍ ഹിറ്റായി മാറിയ സിനിമ കണ്ടതിന്റെ അടുത്ത ദിവസം രാവിലെ മില്‍ഖയെ വിളിച്ചു. ''പടം നന്നായിരിക്കുന്നു. ഫര്‍ഹാന്‍ അവതരിപ്പിച്ച മില്‍ഖ സുന്ദരനായിരിക്കുന്നു.'' എന്നാണ് ഞാന്‍ പറഞ്ഞത്. ഉടന്‍ വന്നു  മറുപടി. ''അക്കാലത്ത് ഞാന്‍ ഫര്‍ഹാനേക്കാളും സുന്ദരനായിരുന്നു.'' ആ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. കാരണം മതിലുകള്‍ എന്ന നോവല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയപ്പോള്‍ അതില്‍ തന്റെ വേഷത്തില്‍ അഭിനയിച്ച മമ്മൂട്ടി സുന്ദരനാണല്ലോയെന്ന് ആരോ ചോദിച്ചപ്പോള്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ അതേ മറുപടിയായിരുന്നു അത്.

Content Highlights: the flying sikh India's track and field sprinter legend Milkha Singh