ഡോന്‍ഗ്വാന്‍: ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മലയാളി അത്‌ലറ്റ് ടി.ഗോപി. ചൈനയിലെ ഡോന്‍ഗ്വാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് വയനാട്ടുകാരന്‍ ഗോപി ചരിത്രമെഴുതിയത്.

രണ്ടു മണിക്കൂര്‍ 15 മിനിറ്റ് 48 സെക്കന്റ് സമയമെടുത്താണ് ഗോപി ലക്ഷ്യസ്ഥാനത്തെത്തിയത്. ഉസ്‌ബെക്കിസ്ഥാന്റെ പെട്രോവ് ആന്ദ്രെ വെള്ളിയും മംഗോളിയയുടെ ടി.ബ്യാംബജാവ് വെങ്കലവും നേടി. ഉസ്‌ബെക്ക് താരവുമായി മൂന്നു സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഗോപി ഒന്നാമതെത്തിയത്.

നേരത്തെ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിരുന്നു മാരത്തണും. അന്ന് രണ്ട് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1985ല്‍ ആശ അഗര്‍വാളും 1992ല്‍ സുനിത ഗോദ്‌റയും. 

2:15:25 ആണ് ഗോപിയുടെ മികച്ച സമയം. 2016ല്‍ റിയോ ഒളിമ്പിക്‌സിലാണ് ഗോപി മികച്ച സമയം കുറിച്ചത്. ഈ സീസണില്‍ ന്യൂഡല്‍ഹി മാരത്തണിലും ഗോപി വിജയിച്ചിരുന്നു. അന്ന് സീസണിലെ മികച്ച സമയമാണ് ഗോപി കുറിച്ചത് (2:15:37).

10000 മീറ്റര്‍ ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഗോപി കഴിഞ്ഞ വര്‍ഷമാണ് ചുവട് മാറ്റി മാരത്തണും പരീക്ഷിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുംബൈ മാരത്തണിലാണ് ഗോപി അരങ്ങേറ്റം കുറിച്ചത്. അന്ന് റിയോ ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് പിന്നിടുകയും ചെയ്തു.

Content Highlights: T Gopi becomes first Indian man to win gold at Asian Marathon Championships