പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ജാവലിന്‍ ത്രോയില്‍ തന്റെ തന്നെ ദേശീയ റെക്കോഡ് മറികടന്ന് നീരജ് ചോപ്ര. 

88.07 മീറ്റര്‍ എറിഞ്ഞാണ് നീരജ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ റെക്കോഡാണ് അദ്ദേഹം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

ഈ വര്‍ഷം ജാവലിന്‍ ത്രോയില്‍ ഏതൊരു കായികതാരത്തേക്കാളും ഏറ്റവും മികച്ച ദൂരമാണ് ചോപ്ര കുറിച്ചത്. ജര്‍മനിയുടെ ജോഹന്നാസ് വെറ്ററിന്റെ 87.27 മീറ്ററാണ് പിന്നീടുള്ള മികച്ച ദൂരം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അത്ലറ്റിക്സ് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റിങ്ങില്‍ 87.86 മീറ്റര്‍ എറിഞ്ഞുകൊണ്ട് ചോപ്ര, ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

Content Highlights: Star javelin thrower Neeraj Chopra breaks his own national record