റാഞ്ചി: ചാട്ടത്തില്‍ അന്തര്‍ദേശീയ മെഡല്‍ ലക്ഷ്യമിട്ട് ബോബി ജോര്‍ജിന്റെ കുട്ടികള്‍. ബോബിക്കുകീഴില്‍ പരിശീലിക്കുന്ന അഞ്ചു കുട്ടികള്‍ റാഞ്ചി ജൂനിയര്‍ മീറ്റില്‍ മത്സരിക്കാനെത്തി.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഈ അഞ്ചുപേരും ലോങ്ജമ്പിലാണ് മത്സരിക്കുന്നത്. ഇതില്‍ മലയാളിയായ രുഗ്മ ഉദയനുമുണ്ട്. സ്‌കൂള്‍ തലത്തില്‍ ഏറെ മെഡല്‍വാരിയ രുഗ്മയ്ക്ക് മെഡല്‍ നേടാനായില്ല. എന്നാല്‍, ബോബിയുടെതന്നെ ശിഷ്യയായ, ഉത്തര്‍പ്രദേശുകാരി ദീപാന്‍ഷി സിങ് അണ്ടര്‍ 18 വനിതകളുടെ ലോങ്ജമ്പില്‍ വെള്ളിനേടി.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയായ അഞ്ജു ബോബി ജോര്‍ജിന്റെ പരിശീലകനും ഭര്‍ത്താവുമാണ് ബോബി ജോര്‍ജ്. ഇപ്പോള്‍ ബെംഗളൂരു സായ് കേന്ദ്രത്തില്‍ പരിശീലകനാണ്. രണ്ടുവര്‍ഷംമുന്‍പ് ഇരുവരും ചേര്‍ന്ന് അഞ്ജു ബോബി സ്‌പോര്‍ട്സ് ഫൗണ്ടേഷന് തുടക്കമിട്ടിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സായിയിലെ കുട്ടികള്‍ക്ക് അഞ്ജു ബോബി ഫൗണ്ടേഷന്റെ പിന്തുണയുണ്ട്.
രുഗ്മ, ദീപാന്‍ഷി എന്നിവരെക്കൂടാതെ കുസുമ (കര്‍ണാടക), രുചിത (തെലങ്കാന), ശൈലി സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് ഇപ്പോള്‍ ബോബിക്കുകീഴില്‍ പരിശീലിക്കുന്നത്. ഒപ്പം മലയാളി പോള്‍വാള്‍ട്ട് താരം മരിയ ജെയ്സനുമുണ്ട്.
ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ മെഡല്‍ നേടാന്‍ ഏറ്റവും സാധ്യത ലോങ്ജമ്പിലാണെന്ന് ബോബി പറയുന്നു. അതുകൊണ്ടാണ് ഈയിനത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്.
Content Highlights: robert bobby george long jump training