ദോഹ: പി.ടി ഉഷയേയും ഇന്ത്യന്‍ കിനാക്കളേയും തട്ടിത്തെറിപ്പിച്ച ലോസ് ആഞ്ജലിസ് ഒളിമ്പിക് സ്റ്റേഡിയത്തിലെ ആ ഫൈനല്‍ ആര്‍ക്കും മറക്കാനാകില്ല. 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് ട്രാക്കില്‍ സെക്കന്റിന്റെ നൂറിലൊരംശത്തില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ചരിത്രത്തിലെ പേജുകള്‍ ശൂന്യമായി. ഇന്ന് കായികപ്രേമികള്‍ വീണ്ടും 35 വര്‍ഷം പിന്നിലേക്ക് വീണ്ടും ആ ഹര്‍ഡിലുകള്‍ തേടിപ്പോയി. 

അന്ന് ഹര്‍ഡിലുകള്‍ക്ക് മുകളില്‍ സ്വര്‍ണത്തിലേക്ക് പറന്ന മൊറോക്കയ്ക്കാരിയായ നവാല്‍ അല്‍ മുതവക്കലിനെ ഒരിക്കല്‍ കൂടി ഓര്‍ത്തു. അങ്ങനെയൊരു തിരിഞ്ഞുനോട്ടത്തിന് അവസരമൊരുക്കിയത് പി.ടി ഉഷയാണ്. ഖത്തറിലെ ദോഹയില്‍ ഉഷയും നവാലും വീണ്ടും കണ്ടുമുട്ടി. 

ഐ.എ.എ.എഫ് കോണ്‍ഗ്രസ് വേദിയില്‍ പി.ടി ഉഷയെ ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ആദരിക്കുമ്പോള്‍ വേദിയില്‍ പഴയ കൂട്ടുകാരി നവാലുമുണ്ടായിരുന്നു. 2004 ഏതന്‍സ് ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് യാത്ര പറഞ്ഞുപോയതിന് ശേഷമുള്ള കൂടിക്കാഴ്ച്ച. 

ഈ സ്‌നേഹസംഗമത്തിന്റെ ചിത്രം ഉഷ ട്വിറ്ററില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. അന്ന് സെക്കന്റിന്റെ നൂറിലൊരംശത്തില്‍ എനിക്ക് വെങ്കലം നഷ്ടപ്പെട്ടപ്പോള്‍ സ്വര്‍ണം നേടിയവള്‍ എന്ന കുറിപ്പോടെയായിരുന്നു ഉഷ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്‌. 

Content Highlights: PT Usha and Nawal El Moutawakel Friendship