കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെയായി ഓടിക്കൊണ്ടേയിരിക്കുകയാണ് ഒ.പി. ജെയ്ഷ. ഓരോ ടൂര്‍ണമെന്റ് കഴിയുമ്പോഴും ട്രാക്കിലെ റെക്കോഡുകള്‍ക്കൊപ്പം ആ പേര് ഉയര്‍ന്നുകേള്‍ക്കും. എന്നാല്‍ റിയോ ഒളിമ്പിക്സ് കഴിഞ്ഞപ്പോള്‍ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ജെയ്ഷ. വനിതകളുടെ മാരത്തണില്‍ കുടിവെള്ളം കിട്ടാതെയാണ് ഓടിയതെന്ന് ജെയ്ഷ തുറന്നടിച്ചു.യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്?
ട്രാക്കിനകത്തും പുറത്തും കുറച്ചുവര്‍ഷങ്ങളായി നേരിടുന്ന വിവേചനങ്ങളും അവഗണനകളും ജെയ്ഷ തുറന്നുപറയുന്നു, ഒക്ടോബര്‍ ലക്കം സ്പോര്‍ട്സ് മാസികയിലൂടെ. ബെലാറസ്സുകാരനായ കോച്ച് നിക്കോളായ് സ്നെസാരോവ് അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തന്റെ കരിയറിനെ വഴിമാറ്റിയെന്ന് ജെയ്ഷ പറയുന്നു.
മാരത്തണ്‍ ഓടാന്‍ തുടങ്ങിയത് കോച്ചിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ്. 1500, 5000 മീറ്ററുകളിലാണ് ഓടാന്‍ താത്പര്യം. വര്‍ഷങ്ങളായി പരിശീലിക്കുന്നത് ഈയിനങ്ങളിലാണ്. എന്നാല്‍ ഒളിമ്പിക്സിനു തൊട്ടുമുമ്പ് തന്നെ മാരത്തണിലേക്ക് വലിച്ചിഴച്ചു. എന്റെ ഇഷ്ടങ്ങള്‍ ആരും ചോദിച്ചില്ല.
അത്ലറ്റിക് ഫെഡറേഷനോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. 1500 മീറ്റര്‍ ഓടി പരിക്കേറ്റപ്പോള്‍ 'ഞാന്‍ ഈയവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്ന്' കോച്ച് തന്റെ മുഖത്തുനോക്കി പറഞ്ഞു.
റിയോയില്‍ ഫിനിഷിങ് ലൈനില്‍ വീണപ്പോള്‍ 'ജെയ്ഷ മരിച്ചു' എന്നാണ് കോച്ച് സംഘാടകരോട് പറഞ്ഞത്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യക്കുവേണ്ടി എത്രയോ മെഡലുകള്‍ നേടിയ ഒരു അത്ലറ്റ് നേരിട്ട പരീക്ഷണങ്ങള്‍ ജെയ്ഷ തുറന്നുപറയുന്നു. കേരളത്തിലെ കായികവികസനത്തെപ്പറ്റി മന്ത്രി ഇ.പി. ജയരാജന്റെ സങ്കല്‍പ്പങ്ങളും ഈ ലക്കം സ്പോര്‍ട്സ് മാസികയിലുണ്ട്.
കളികളെ അടുത്തറിയാനുള്ള മൂന്നു പംക്തികള്‍ ഇത്തവണ മാസികയിലുണ്ട്. ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന ക്രിക്കറ്റ് ക്ലിനിക് എന്ന പംക്തിക്കൊപ്പം ഫുട്ബോള്‍ തന്ത്രങ്ങള്‍ വിശദമാക്കുന്ന പ്ലേ ഗ്രൗണ്ടും സ്പോര്‍ട്സ് കരിയര്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പംക്തിയും ഈ ലക്കത്തില്‍ തുടങ്ങുന്നു.