നഡിയാദ്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക്‌സിന്റെ രണ്ടാം ദിനം കേരളത്തിന്റേത് മാത്രമായിരുന്നു. നഡിയാദിലെ സി.എ.ജി. സ്‌പോര്‍ട്സ് കോംപ്ലക്‌സില്‍ തിങ്കളാഴ്ച നടന്ന ഏഴ് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി കേരളത്തിന്റെ പെണ്‍പട മിന്നിത്തിളങ്ങി. 64-ാമത് ദേശീയ സീനിയര്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളം കിരീടത്തിലേക്ക്.

തിങ്കളാഴ്ച 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ സമയം കുറിച്ച് അപര്‍ണ റോയിയും ലോങ്ജമ്പില്‍ സാന്ദ്ര ബാബുവും 4x100 റിലേ ടീമും സ്വര്‍ണം നേടി. 1500 മീറ്റര്‍ ഓട്ടത്തില്‍ മിന്നു പി. റോയി വെള്ളി നേടിയപ്പോള്‍ 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ. ശ്രീജയും ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും വെങ്കലം സ്വന്തമാക്കി.

ആകെ നാലുസ്വര്‍ണവും നാലുവെള്ളിയും രണ്ടുവെങ്കലവുമായി 65 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 41 പോയന്റുമായി തമിഴ്നാട് രണ്ടാമതും മഹാരാഷ്ട്ര (34) മൂന്നാമതുമാണ്.

കടംവീട്ടി ശ്രീജ

കഴിഞ്ഞവര്‍ഷം റോഹ്തകില്‍ സംഘാടകരുടെ പിഴവ് കാരണം 3000 മീറ്റര്‍ നടത്തത്തില്‍ ശ്രീജയെ വെങ്കലമെഡല്‍ ജേതാവായി പ്രഖ്യാപിച്ചിരുന്നു. നടക്കാന്‍ ഒരു റൗണ്ടുകൂടി ബാക്കിയുണ്ടായിരുന്ന ശ്രീജയെ സംഘാടകര്‍ മത്സരം പൂര്‍ത്തിയായെന്നനിലയില്‍ പിടിച്ചുനിര്‍ത്തി വെങ്കലം നേടിയതായി പ്രഖ്യാപിച്ചു. പിഴവ് മനസ്സിലായതോടെ ശ്രീജ മെഡല്‍ തിരിച്ചുകൊടുത്തു. ഇത്തവണ വെങ്കലം നേടി കടംവീട്ടി. മുണ്ടൂര്‍ എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ശ്രീജ 14 മിനിറ്റ് 51.97 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ആതിഥേയരുടെ ലഖ്നോട്ടറ ജ്യോതി (14 മിനിറ്റ് 50.01 സെ.) സ്വര്‍ണവും പഞ്ചാബിന്റെ ഗുര്‍പ്രീത് കൗര്‍ (14 മിനിറ്റ് 50.01 സെ.) വെള്ളിയും നേടി.

മിന്നി മിന്നു

1500 മീറ്റര്‍ ഓട്ടത്തില്‍ മിന്നു പി. റോയ് വെള്ളി (നാലു മിനിറ്റ് 45. 08 സെ.) നേടി. തിരുവനന്തപുരം സായിയില്‍ പരിശീലിക്കുന്ന മിന്നു തുണ്ടത്തില്‍ മാധവവിലാസം സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സിന് പഠിക്കുന്നു. ഈയിനത്തില്‍ ഉത്തരാഖണ്ഡിന്റെ അങ്കിത (4 മിനിറ്റ് 42 സെ.) സ്വര്‍ണം നേടി.

ബൈ ബൈ സാന്ദ്ര

തന്റെ അവസാന സ്‌കൂള്‍ മീറ്റിനിറങ്ങിയ സാന്ദ്ര ബാബു ലോങ്ജമ്പില്‍ 5.97 മീറ്റര്‍ ദൂരം താണ്ടി ഒന്നാമതെത്തി. തമിഴ്നാടിന്റെ ബബിഷ (5.61 മീ.) വെള്ളി നേടി.

എം.എ. കോളേജ് അക്കാദമിയില്‍ ടി.പി. ഔസേപ്പിനുകീഴില്‍ പരിശീലിക്കുന്ന സാന്ദ്ര മാതിരപ്പള്ളി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. കണ്ണൂര്‍ കേളകം തയ്യുള്ളത്തില്‍ വീട്ടില്‍ ബാബുവിന്റെയും മിശ്രയുടെയും മകള്‍. ഈയിനത്തില്‍ പി.എസ്. പ്രഭാവതി (5.27 മീ.) ആറാമതായി. പരിക്കിലായിരുന്ന പ്രഭാവതി അഞ്ചാം ചാട്ടത്തിനിടെ പിറ്റില്‍ വീണു. പ്രഭാവതിയെ എടുത്തുകൊണ്ടാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്.

എറിഞ്ഞുനേടി മേഘ

ഷോട്ട്പുട്ടിന്റെ തൂക്കം നാലു കിലോഗ്രാമില്‍നിന്ന് മൂന്നായി ചുരുക്കിയശേഷമുള്ള ആദ്യ ദേശീയ സ്‌കൂള്‍ മീറ്റില്‍ 13.63 മീറ്റര്‍ എറിഞ്ഞ മേഘ മറിയം മാത്യു വെങ്കലം നേടി. തിരുവനന്തപുരം സായിയില്‍ പരിശീലിക്കുന്ന മേഘ എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിലില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മഹാരാഷ്ട്രയുടെ ആര്‍. പൂര്‍ണ (15.76) സ്വര്‍ണം നേടി.

ആധിപത്യം ഉറപ്പിച്ച് റിലേ

4x100 റിലേയില്‍ അലീന വര്‍ഗീസ്, അപര്‍ണ റോയി, പി.ഡി. അഞ്ജലി, ആന്‍സി സോജന്‍ എന്നിവരടങ്ങിയ ടീം 47.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം നേടി. തമിഴ്നാട് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി.

ഇന്ന് ഏഴു ഫൈനല്‍

അവസാനദിനമായ ചൊവ്വാഴ്ച ക്രോസ് കണ്‍ട്രി, ജാവലിന്‍ ത്രോ, ട്രിപ്പിള്‍ ജമ്പ്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍, 200 മീറ്റര്‍, 4x400 റിലേ എന്നിവയില്‍ ഫൈനലുണ്ട്.

Content Highlights: national senior school athletics meet kerala on top