റോത്തക്ക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മെഡലില്ലാതിരുന്ന രണ്ടാം ദിവസത്തിന് ശേഷം കേരളത്തിന്റെ തിരിച്ചുവരവ്. രണ്ട് സ്വര്‍ണം നേടിയാണ് മൂന്നാം ദിനം കേരളം മനോഹരമാക്കിയത്. 

പോള്‍വോള്‍ട്ടില്‍ കല്ലടിയുടെ നിവ്യാ ആന്റണി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ മരിയ ജെയ്‌സണ്‍ സ്ഥാപിച്ച റെക്കോഡാണ് നിവ്യ മറികടന്നത്. ഇതേ ഇനത്തില്‍ കല്ലടി സ്‌ക്കൂളിലെ അര്‍ഷാ ബാബു വെങ്കലം നേടി.

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയിലൂടെയാണ് മൂന്നാം ദിനം കേരളത്തിന്റെ ആദ്യ സ്വര്‍ണമെത്തിയത്‌. നേരത്തെ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് ഗോപി വെള്ളി നേടിയിരുന്നു. ഇതോടെ കേരളത്തിന്റെ അക്കൗണ്ടില്‍ ഇതുവരെ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമായി.

അതേസമയം പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ സി.കെ  ശ്രീജ നേടിയ വെങ്കലം അധികൃതര്‍ റദ്ദാക്കി. നാലാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രാ താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് മെഡല്‍ റദ്ദാക്കിയത്. അവസാന ലാപ്പ് പൂര്‍ത്തിയാക്കാതെ ശ്രീജ മത്സരം അവസാനിപ്പിച്ചുവെന്ന മഹാരാഷ്ട്ര ടീമിന്റെ പരാതി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.