ലഖ്‌നൗ: ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയുമായി കേരളം മെഡല്‍വേട്ട തുടര്‍ന്നു. വനിതകളുടെ 800 മീറ്ററില്‍ പി.യു. ചിത്രയും പുരുഷന്‍മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സലും 400 മീറ്ററില്‍ അലക്‌സ് എ. ആന്റണിയും സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിതിന്‍ പോള്‍, വനിതകളുടെ 800 മീറ്ററില്‍ ജെസ്സി ജോസഫ് എന്നിവര്‍ വെള്ളി നേടി. ഇതോടെ 83 പോയന്റുമായി കേരളം മുന്നില്‍നില്‍ക്കുന്നു.

മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി മലയാളി താരങ്ങളായ നയന ജയിംസ് (ലോങ് ജമ്പ്, തമിഴ്നാട്) സ്വര്‍ണവും യു. കാര്‍ത്തിക് (ലോങ് ജമ്പ്, കര്‍ണാടകം) വെള്ളിയും സച്ചിന്‍ റോബി (400 മീറ്റര്‍, കര്‍ണാടകം) വെങ്കലവും നേടി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇറാന്‍ താരം മഹതി പിര്‍ജഹാന്‍ (49.33) സ്വര്‍ണം നേടിയതിനാല്‍ കര്‍ണാടകയുടെ ജഗദീഷ് ചന്ദ്രയ്ക്ക് (50.85) വെള്ളിയും ജിതിന്‍ പോളിന് (50.92) വെങ്കലവുമാണ് മീറ്റില്‍ സമ്മാനിച്ചത്. വിദേശതാരം ഒന്നാമതായതിനാല്‍ ജിതിന്റേത് വെള്ളിയായി കണക്കാക്കും.

400 മീറ്ററില്‍ ഒന്നാംസ്ഥാനം നേടിയ അലക്‌സ് ആന്റണി തന്റെ മികച്ച സമയം (46.17 സെക്കന്‍ഡ്) കണ്ടെത്തി. മുഹമ്മദ് അഫ്സല്‍ ഒരു മിനിറ്റ് 48.35 സെക്കന്‍ഡില്‍ 800 മീറ്റര്‍ പൂര്‍ത്തിയാക്കി.

ലോകമീറ്റിന് യോഗ്യതയില്ല

മീറ്റിന്റെ രണ്ടാംദിനത്തിലും ആരും ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയില്ല. വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയ്ക്ക് (2 മിനിറ്റ് 02.96 സെ.) നേരിയ വ്യത്യാസത്തിന് ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത (2:00.60) നഷ്ടമായി. അതേസമയം, 1,500 മീറ്ററില്‍ ഏഷ്യന്‍ചാമ്പ്യനായതിനാല്‍ ചിത്രയ്ക്ക് യോഗ്യത ലഭിക്കും.

800 മീറ്ററില്‍ രണ്ടാംസ്ഥാനം നേടിയ ജെസ്സി ജോസഫ് 2 മിനിറ്റ് 07.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒന്നാംസ്ഥാനം നേടിയ ഹരിയാണയുടെ സന്ദീപ് കുമാറിനും (ഒരു മണിക്കൂര്‍ 27 മിനിറ്റ് 25.47 സെക്കന്‍ഡ്) ലോകമീറ്റിലേക്കുള്ള യോഗ്യതാ മാര്‍ക്ക് (1:22.30) ഭേദിക്കാനായില്ല. അതേസമയം, രണ്ടാംസ്ഥാനം ലഭിച്ച കെ.ടി. ഇര്‍ഫാന്‍ (ഒരു മണിക്കൂര്‍ 28 മിനിറ്റ് 20.93 സെക്കന്‍ഡ്) നേരത്തേ യോഗ്യതനേടിയിരുന്നു. ദേവേന്ദര്‍ സിങ്, ഗണപതി കൃഷ്ണന്‍ എന്നിവര്‍ക്കും ഈയിനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതയുണ്ട്.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ പഞ്ചാബിന്റെ അര്‍പീന്ദര്‍ സിങ്, (16.83 മീറ്റര്‍) 200 മീറ്ററില്‍ തമിഴ്നാടിന്റെ നിതിന്‍ (20.91 സെ), ഷോട്പുട്ടില്‍ ഹരിയാണയുടെ ഇന്ദര്‍ജീത് സിങ് (19.73 മീ) എന്നിവര്‍ സ്വര്‍ണം നേടി.

Content Highlights: National Senior Athletic Championship PU Chithra