നഡിയാദ്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ പെണ്‍കുട്ടികളുടെ കരുത്തില്‍ കേരളം കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനം മൂന്ന് സ്വര്‍ണം കൂടി നേടിയ കേരളം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മീറ്റിന്റെ രണ്ടാം ദിനം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. ഇതോടെ കേരളത്തിന് മൊത്തം മെഡൽ സമ്പാദ്യം നാല് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി.

പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെ) പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ സാന്ദ്ര ബാബുവും (5.97 മീ) 100 മീറ്റർ റിലേ ടീമുമാണ് സ്വര്‍ണം നേടിയത്.

അലീന വർഗീസ്, അപർണ റോയ്, അഞ്ജലി.പി.ഡി, ആൻസി സോജൻ എന്നിവർ അടങ്ങുന്ന റിലേ ടീം 47.58 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4:45.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മിന്നു പി റോയിയാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്.

പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും പെണ്‍കുട്ടികളുടെ തന്നെ 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ.ശ്രീജയുമാണ് വെങ്കലം നേടിയത്. മേഘ 13.63 മീറ്റര്‍ എറിഞ്ഞപ്പോള്‍ 14:51.97 സെക്കന്‍ഡിലായിരുന്നു ശ്രീജയുടെ വെങ്കല ഫിനിഷ്.

Content Highligts: National School Athletics Kerala Aparna Roy Sandra Babu Gold