സംഗ്രൂര്‍ (പഞ്ചാബ്): പെണ്‍കരുത്തില്‍ ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര് 247 പോയിന്റും മൂന്നാമതുള്ള ഹരിയാണ 241 പോയിന്റും നേടി. 

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 101 പോയിന്റുമായി കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 61 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മൂന്നാമതുമാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി, 

നാല് സ്വര്‍ണവുമായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്‍ മീറ്റിലെ മികച്ച അത്‌ലറ്റായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ശിര്‍സെ തേജസ് ആണ് മികച്ച താരം. ശനിയാഴ്ച്ച ആന്‍സി ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തിലെത്തിയിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയ ആന്‍സി ലോങ് ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. സമാപന ദിവസം 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായതോടെ ആന്‍സിയുടെ അക്കൗണ്ടില്‍ നാല് സ്വര്‍ണമെത്തി. 

താന്‍ ജനിക്കുംമുമ്പുള്ള മീറ്റ് റെക്കോഡ് തകര്‍ത്താണ് ലോങ്ജമ്പില്‍ ആന്‍സി (6.26 മീറ്റര്‍) ഒന്നാമതായത്.  200 മീറ്റര്‍ 24.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആന്‍സി സ്വര്‍ണം നേടിയത്. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ കര്‍ണാടകയുടെ പ്രിയ എച്ച്. മോഹനെ മറികടന്നു. കേരളത്തിന്റെ പി.ഡി. അഞ്ജലിക്ക് നാലാംസ്ഥാനം ലഭിച്ചു. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍. ആരതിയും കേരളത്തിനുവേണ്ടി സ്വര്‍ണം നേടി. രോഹിത്തും മീറ്റ് റെക്കോഡ് ഭേദിച്ചു.

ശനിയാഴ്ച മാത്രം കേരളം നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍, ഹാമര്‍ത്രോയില്‍ കെസ്സിയ മറിയം ബെന്നി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമി, ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അലന്‍ ബിജു എന്നിവര്‍ വെള്ളി നേടി. പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ കെ.പി. സനിക, ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതി, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.ടി. ആദിത്യ എന്നിവരും ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍.കെ. സൂര്യജിത്ത്, ലോങ്ജമ്പില്‍ ടി.ജെ. ജോസഫ് എന്നിവരും വെങ്കലം നേടി.

ആര്‍.കെ. സൂര്യജിത്ത് മത്സരിച്ച 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യ അഞ്ച് സ്ഥാനക്കാരും മീറ്റ് റെക്കോഡ് (14.37 സെക്കന്‍ഡ്) ഭേദിച്ചു. വെങ്കലം നേടിയ സൂര്യജിത്ത് 14.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ മഹാരാഷ്ട്രയുടെ ഷിര്‍സെ തേജസ് (13.70) സ്വര്‍ണവും വികാസ് ഖോഡ്കെ (14.02) വെള്ളിയും നേടി. അഞ്ചാംസ്ഥാനം നേടിയ കേരളത്തിന്റെ ഡീന്‍ ഹാര്‍മിസ് ബിജുവും (14.37) മീറ്റ് റെക്കോഡ് കടന്നു.

കേരളത്തിന്റെ ആന്‍ റോസ് ടോമി (14.30 സെക്കന്‍ഡ്) വെള്ളി നേടിയ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ പി.എം. തബീത്തയ്ക്കാണ് (13.75 സെക്കന്‍ഡ്) സ്വര്‍ണം. കേരളത്തിന്റെ അപര്‍ണ റോയ് സ്ഥാപിച്ച മീറ്റ് റെക്കോഡ് (14.25) തകര്‍ത്തു. തബീത്ത ലോങ്ജമ്പില്‍ രണ്ടാംസ്ഥാനവും നേടി.

ബ്ലെസ്സി കുഞ്ഞുമോന്‍ വെള്ളി (3.10 മീറ്റര്‍) നേടിയ പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ ടി. സത്യ (3.61) മീറ്റ് റെക്കോഡ് (3.60) മറികടന്നു. കേരളത്തിന്റെ നിവ്യ ആന്റണിയുടെ റെക്കോഡ് ഭേദിച്ചു. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 4.10 മീറ്റര്‍ ഉയരം താണ്ടിയാണ് അലന്‍ ബിജു രണ്ടാംസ്ഥാനത്തെത്തിയത്.

Rohit National School Meet
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രോഹിത് സ്വര്‍ണത്തിലേക്ക്   ഫോട്ടോ: സാബു സ്‌കറിയ

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1:03.23 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ആര്‍. ആരതി സ്വര്‍ണം നേടിയത്. കെ.ടി. ആദിത്യ 1:03.58 മിനിറ്റില്‍ മൂന്നാംസ്ഥാനം നേടി.

ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ എ. രോഹിത്തിന് (52.65 സെക്കന്‍ഡ്) പുറമേ രണ്ടും മൂന്നും സ്ഥാനം നേടിയ തമിഴ്നാടിന്റെ ജയരാഗുലും (53.75) ഗുജറാത്തിന്റെ മോറി രുചിത്തും (53.81) മീറ്റ് റെക്കോഡ് (53.90) മറികടന്നു. കേരളത്തിന്റെ എം.പി. ജാബിറിന്റെ റെക്കോഡ് തകര്‍ത്തു.

വെള്ളിയാഴ്ച, യോഗ്യതാ റൗണ്ടില്‍തന്നെ ലോങ്ജമ്പിലെ മീറ്റ് റെക്കോഡ് (6.05 മീറ്റര്‍) മറികടന്ന ആന്‍സി സോജന്‍ ശനിയാഴ്ച മിന്നുന്ന പ്രകടനം (6.26) കാഴ്ചവെച്ചു. വെങ്കലം നേടിയ പ്രഭാവതി 5.78 മീറ്റര്‍ ചാടി.

ലോങ്ജമ്പില്‍ 7.17 മീറ്റര്‍ താണ്ടിയാണ് ടി.ജെ. ജോസഫ് വെങ്കലം നേടിയത്. ഹരിയാണയുടെ ഭൂപീന്ദര്‍ സിങ് 7.48 മീറ്റര്‍ ചാടി സ്വര്‍ണവും തമിഴ്നാടിന്റെ എസ്. ഹരീഷ് (7.24) വെള്ളിയും നേടി. കേരളത്തിന്റെ പി.എന്‍. മെഹഫില്‍ ജാസ്സിമിനാണ് (7.10) നാലാംസ്ഥാനം.

കെസ്സിയ മറിയം ബെന്നി വെള്ളി നേടിയ (55.73 മീറ്റര്‍) ഹാമര്‍ ത്രോയില്‍ ഒന്നാംസ്ഥാനം ലഭിച്ച ഡല്‍ഹിയുടെ ഹര്‍ഷിത ഷെരാവത്തും (61.84) മീറ്റ് റെക്കോഡ് ഭേദിച്ചു.

Content Highlights: National School Athletic Meet 2019 Ancy Sojan