റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം മൂന്നു സ്വര്‍ണവുമായി കേരളം ചാമ്പ്യന്‍പട്ടത്തിനുള്ള മത്സരത്തിലേക്കിറങ്ങി. വെള്ളിയാഴ്ച മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. കേരളത്തിന്റെ രണ്ട് സ്വര്‍ണം ലോങ്ജമ്പിലും ഒന്ന് പോള്‍വാള്‍ട്ടിലുമായിരുന്നു. ആദ്യദിനം രണ്ട് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും പിറന്നു.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ (5.97 മീറ്റര്‍) കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ നിര്‍മല്‍ സാബുവും (7.45 മീ.) അണ്ടര്‍ 20 വനിതകളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും (3.20 മീ.) സ്വര്‍ണം നേടിയതോടെ കേരളം ആശ്വസിച്ചു.
അണ്ടര്‍ 18 പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ (2.80 മീ.) വെള്ളി നേടിയപ്പോള്‍ അണ്ടര്‍ 20 പോള്‍വാള്‍ട്ടില്‍ സൗമ്യ വി.എസും (2.90 മീ.) ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും (13.35 മീ.) വെങ്കലം നേടി. ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതിയും പോള്‍വാള്‍ട്ടില്‍ കെ.എ. അനുജയും നാലാമതെത്തി.

കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശിയായ നിര്‍മല്‍ സാബുവിന് ദേശീയതലത്തില്‍ ഇത് ആദ്യമെഡലാണ്. തിരുവനന്തപുരം സായിയില്‍ എം.എ. ജോര്‍ജിനു കീഴില്‍ പരിശീലിക്കുന്നു.
ആദ്യദിനം രണ്ടു റെക്കോഡ്
മീറ്റില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ ജാസ്മിന്‍ കൗര്‍ (14.27) പുതിയ ദൂരം കുറിച്ചു. പഞ്ചാബിന്റെ തന്നെ പരംജ്യോത് കൗര്‍ (14.22) 2016ല്‍ സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. ഈയിനത്തില്‍ രണ്ടാമതെത്തിയ ഹരിയാണയുടെ അഞ്ജലി ദേശീയ റെക്കോഡ് മറികടന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ശിഷ്യയായ ഉത്തര്‍പ്രദേശിന്റെ ശൈലി സിങ് (5.94 മീറ്റര്‍) മറ്റൊരു ദേശീയ റെക്കോഡിന് ഉടമയായി.

അണ്ടര്‍ 20 വനിതകളുടെ ലോങ്ജമ്പില്‍ 6.22 മീറ്റര്‍ ചാടിക്കടന്ന പഞ്ചാബ് താരം രേണു, മലയാളിയായ വി. നീന 2010-ല്‍ സ്ഥാപിച്ച മീറ്റ് റെക്കോഡ് (6.19) മറികടന്നു. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മഹാരാഷ്ട്രയുടെ ദീപക് യാദവ് (4.79) മറ്റൊരു മീറ്റ് റെക്കോഡിന് ഉടമയായി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍ അടക്കം ഞായറാഴ്ച 40 ഫൈനലുകള്‍ നടക്കും. 400 മീറ്റര്‍, 100-110 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളിലും ഞായറാഴ്ച ഫൈനലുണ്ട്.