Aparna Roy
റെക്കോര്‍ഡ്‌ നേടിയ അപര്‍ണ റോയ്  ഫോട്ടോ: പി.പി ബിനോജ്

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നാല് സ്വര്‍ണവുമായി കേരളം ഒന്നാമത്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് കേരളം രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി. അണ്ടര്‍-18 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ശ്രീ ശങ്കറും അണ്ടര്‍-16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയും കേരളത്തിനായി സ്വര്‍ണം നേടി.

100 മീറ്റര്‍ ഹര്‍ഡില്‍സ് 14.47 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ അപര്‍ണ റോയ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ ശ്രീശങ്കര്‍ പിന്നിട്ട ദൂരം 7.52 മീറ്ററാണ്. അണ്ടര്‍-20 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അഞ്ജലി കൃഷ്ണയും അണ്ടര്‍-14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ആതിരയും കേരളത്തിനായി വെള്ളി നേടി. 

18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ നടത്തത്തില്‍ അഭിജിത്ത് വി.കെയും 16 വയസ്സിന് താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാനുമാണ് കേരളത്തിന്റെ വെങ്കല നേട്ടക്കാര്‍. മീറ്റിന്റെ ആദ്യ ദിനം കേരളം രണ്ടു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടിയിരുന്നു.