ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ദേശീയ ജൂനിയര്‍ അത്​ലറ്റിക് മീറ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ അഞ്ച് സ്വര്‍ണവും ഒരു വെളളിയും മൂന്നു വെങ്കലവുമടക്കം 10 മെഡലുകളുമായി 105.5 പോയന്റോടെ കേരളം മൂന്നാം സ്ഥാനത്ത്.

നാല് ദേശീയ റെക്കോഡും അഞ്ച് മീറ്റ് റെക്കോഡും രണ്ടാംദിനം പിറന്നു. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. 2015-ല്‍ മലയാളിയായ മരിയ ജെയ്സണ്‍ കുറിച്ച 3.70 മീറ്ററെന്ന റെക്കോഡാണ് നിവ്യ 3.75 മീറ്ററാക്കി തിരുത്തിയത്. ഇതേ വിഭാഗത്തില്‍ മധ്യപ്രദേശിന്റെ ബബിത പട്ടേല്‍ (3.20) വെള്ളിയും കേരളത്തിന്റെതന്നെ ബ്ലെസി കുഞ്ഞുമോന്‍(3.15) വെങ്കലവും നേടി. 

ഹൈജമ്പില്‍ എം. ജിഷ്ണ മീറ്റ് റെക്കോഡ് കുറിച്ചു. കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ നടന്ന മീറ്റില്‍ രേഖ കുറിച്ച 1.75 മീറ്ററെന്ന റെക്കോഡാണ് ജിഷ്ണ (1.77) തിരുത്തിയത്.

43 ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ 173 പോയന്റുമായി ഹരിയാണയാണ് ഒന്നാം സ്ഥാനത്ത്. 114.5 പേയന്റുള്ള തമിഴ്നാടാണ് രണ്ടാമത്. 

അണ്ടര്‍-18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അബ്ദുള്‍ റസാക്കും അണ്ടര്‍-18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മീരാ ഷിബുവും പെന്റത്തലണില്‍ തൗഫീക്ക് നൗഷാദും സ്വര്‍ണം നേടി.

അണ്ടര്‍-18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഗൗരിനന്ദനയും അണ്ടര്‍-20 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സി. അഭിനവും അണ്ടര്‍-18 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ആരതി എ. നായരും അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ പ്രതിഭാ വര്‍ഗീസും വെങ്കലം നേടി.

Content Highlights: National Junior Athletic Meet; Kerala with 10 medals including five gold medals