ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്കില്‍ കേരളത്തിലെ യുവ കായികപ്രതിഭകള്‍ വെള്ളിയാഴ്ച അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ നേരം സന്ധ്യമയങ്ങിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് ഗുണ്ടൂരില്‍വെച്ച് നഷ്ടപ്പെട്ട കിരീടം ഇവിടെവെച്ചുതന്നെ തിരിച്ചുപിടിക്കാനാണ് അവര്‍ എത്തിയിരിക്കുന്നത്.

35-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന് ശനിയാഴ്ച തുടക്കമാകുമ്പോള്‍ കേരളം പ്രതീക്ഷയിലാണ്. ആറിന് മത്സരം സമാപിക്കുമ്പോള്‍ കിരീടം കൊണ്ടുപോകണമെന്ന വാശിയുമുണ്ട്. 66 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമടക്കം കേരള ടീമില്‍ 116 പേരുണ്ട്. രണ്ടുവര്‍ഷംമുമ്പ് കേരളത്തിന്റെ കിരീടം തട്ടിത്തെറിപ്പിച്ച ഹരിയാണ ഇക്കുറിയും പ്രധാന ഭീഷണിയാകും.

 പ്രായത്തില്‍ കൃത്രിമം കാട്ടിയതിനാല്‍ ഹരിയാണ ടീമില്‍നിന്ന് ചിലരെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാലും മഹാരാഷ്ട്രയും തമിഴ്നാടും കര്‍ണാടകവും കേരളത്തിന് വെല്ലുവിളിയാകും. ശനിയാഴ്ച 11 ഇനങ്ങളില്‍ ഫൈനലുണ്ട്. ഇതില്‍ ലോങ്ജമ്പില്‍ (അണ്ടര്‍ 20) ആന്‍സി സോജനും 10,000 മീറ്ററില്‍ (അണ്ടര്‍ 20) ആനന്ദ് കൃഷ്ണയും മെഡല്‍ പ്രതീക്ഷയാണ്. 

ലോങ്ജമ്പില്‍ സാന്ദ്ര ബാബു, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയി, പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി, എ.കെ. സിദ്ധാര്‍ഥ്, 200, 400 മീറ്ററുകളില്‍ അബ്ദുള്‍ റസാഖ്, 400 മീറ്ററില്‍ എ. രോഹിത്, ട്രിപ്പിള്‍ ജമ്പിലും ഹൈജമ്പിലും ഗായത്രി ശിവകുമാര്‍, 400 മീറ്ററില്‍ എ.എസ്. സാന്ദ്ര തുടങ്ങിയവരില്‍ സ്വര്‍ണപ്രതീക്ഷയുണ്ട്. പാലാ അല്‍ഫോന്‍സ് കോളേജിലെ നിവ്യ ആന്റണിയാണ് പെണ്‍കുട്ടികളുടെ ക്യാപ്റ്റന്‍. 

കോതമംഗലം എം.എ. കോളേജിലെ എ.കെ. സിദ്ധാര്‍ഥ് ആണ്‍കുട്ടികളെ നയിക്കും. സി. അഭിനവും അപര്‍ണ റോയിയുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍. മുഖ്യപരിശീലകന്‍ പി.പി. പോള്‍. ആര്‍. ജയകുമാര്‍, പി. പീസ്, കെ.പി. അഖില്‍ എന്നിവര്‍ സഹപരിശീലകരാണ്. എം. രാമചന്ദ്രന്‍, സി. ഹരിദാസ്, സി. കവിത, എ.പി. അര്‍ച്ചന എന്നിവരാണ് മാനേജര്‍മാര്‍. റാഞ്ചിയില്‍ കഴിഞ്ഞവര്‍ഷംനടന്ന മീറ്റില്‍ കേരളം രണ്ടാംസ്ഥാനത്തായിരുന്നു.

Content Highlights: National Junior Athletic Meet Kerala