ഗുണ്ടൂര്‍ (ആന്ധ്രപ്രദേശ്): ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഹരിയാണ കിരീടം ഉറപ്പിച്ചു. ഒരു ദിവസംകൂടി ബാക്കിനില്‍ക്കേ, ഹരിയാണയ്ക്ക് 327.5 പോയന്റായി. 14 സ്വര്‍ണവും ആറ് വെള്ളിയും 14 വെങ്കലവും നേടിയ കേരളം (243.5പോയന്റ്) മൂന്നാം സ്ഥാനത്താണ്. തമിഴ്നാട് (244.4 പോയന്റ്) രണ്ടാംസ്ഥാനത്തുണ്ട്. 

ചൊവ്വാഴ്ച ലിസ്ബത്ത് കരോളിന്‍ ജോസഫും പ്രിസ്‌കില്ല ഡാനിയലും കേരളത്തിനായി സ്വര്‍ണം നേടി. അണ്ടര്‍-16 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ഉത്തരാഖണ്ഡിന്റെ രേഷ്മ പട്ടേല്‍ (14:14.83) ദേശീയ റെക്കോഡിട്ടു.

29 വര്‍ഷം മുമ്പ് എ. കുമാരി കുറിച്ച റെക്കോഡാണ് (14:28.10) ഭേദിച്ചത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 ഓട്ടത്തില്‍ ഹരിയാണയുടെ രച്ന (2:06.12) മീറ്റ് റെക്കോഡ് നേടി. 11 വര്‍ഷംമുമ്പ് ടിന്റു ലൂക്ക (2:07.48) സ്ഥാപിച്ച റെക്കോഡ് തിരുത്തി.

ലിസ്ബ്ത്ത് പരീക്ഷ ഉപേക്ഷിച്ചു, സ്വര്‍ണം നേടി

പാലാ അല്‍ഫോന്‍സ കോളേജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയായ ലിസ്ബത്ത് കരോളിന്‍ ജോസഫ് പരീക്ഷ ഉപേക്ഷിച്ചാണ് മീറ്റിനെത്തിയത്. അണ്ടര്‍-20 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കരിയറിലെ മികച്ച പ്രകടനത്തോടെ (12.99 മീറ്റര്‍) സ്വര്‍ണം നേടി. വെള്ളി നേടിയ തമിഴ്നാടിന്റെ ആര്‍. ഐശ്വര്യ (12.72) കടുത്ത വെല്ലുവിളി ഉയര്‍ത്തി. കോഴിക്കോട് പുല്ലൂരാംപാറ കൊല്ലിത്താനം സജി എബ്രഹാമിന്റെയും ലെന്‍സിയുടെയും മകളാണ്. കേരളത്തിന്റെ തന്നെ ഗായത്രി ശിവകുമാര്‍ (12.37) വെങ്കലം നേടി.

800 മീറ്ററില്‍ പ്രിസ്‌കില്ല

നാലാം ദിവസം കേരളത്തിന് രണ്ട് സ്വര്‍ണവും ആറ് വെങ്കലവുമുണ്ട്. അണ്ടര്‍-18 പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ പ്രിസ്‌കില്ല ഡാനിയല്‍ (2:09.11) സ്വര്‍ണവും സ്റ്റെഫി സാറാ കോശി (2:12.73) വെങ്കലവും നേടി. തിരുവനന്തപുരം കാട്ടാക്കട ഇളങ്കോണത്ത് എ. ഡാനിയലിന്റെയും ലൂര്‍ദ് ഭായിയുടെയും മകളായ പ്രിസ്‌കില്ല കാര്യവട്ടം എം.വി.എച്ച്.എസ്.എസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഉഷ സ്‌കൂളിലെ അതുല്യ ഉദയന്‍(2:10.28) വെങ്കലം നേടി.

അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ബി. ഭരത് രാജും (1.89) അണ്ടര്‍-16 പെന്റാത്തലണില്‍ സ്‌നേഹമോള്‍ ജോര്‍ജും (3216 പോയന്റ്) അണ്ടര്‍-20 ഹെപ്റ്റാത്തലണില്‍ ജി. രേഷ്മയും (4150 പോയന്റ്) വെങ്കലം നേടി.

ജിഷ്ണയ്ക്ക് ജോലി വാഗ്ദാനം

ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ അണ്ടര്‍-20 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ എം. ജിഷ്ണയ്ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ജോലി വാഗ്ദാനം. പാലക്കാട് നെന്മാറ സ്വദേശിയായ ജിഷ്ണ ജോലി വാഗ്ദാനം സ്വീകരിച്ചു. നിയമന നടപടി തുടങ്ങി.

Content Highlights: National Junior Athletic Meet; Haryana to the crown