ഗുണ്ടൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാണയ്ക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം. 407.5 പോയന്റ് നേടിയാണ് ഹരിയാണയുടെ ചാമ്പ്യന്‍പട്ടം. 316.5 പോയന്റുവീതം നേടിയ കേരളവും തമിഴ്നാടും രണ്ടാംസ്ഥാനം പങ്കിട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 211 പോയിന്റോടെ കേരളം ചാമ്പ്യന്‍മാരായി. തമിഴ്നാട് (191 പോയന്റ്) രണ്ടാംസ്ഥാനവും ഹരിയാണ (184) മൂന്നാംസ്ഥാനവും നേടി.
ആണ്‍കുട്ടികളില്‍ ഹരിയാണയാണ് (223.5) ഒന്നാമത്. മഹാരാഷ്ട്ര രണ്ടാംസ്ഥാനവും (143.5) തമിഴ്നാട് മൂന്നാംസ്ഥാനവും(125.5) നേടി. വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരില്‍ കേരള താരങ്ങളാരുമില്ല.
ആകെ 17 സ്വര്‍ണവും എട്ടുവെള്ളിയും 17 വെങ്കലവും സ്വന്തമാക്കിയ കേരളം സ്വര്‍ണനേട്ടത്തില്‍ ഹരിയാണയ്‌ക്കൊപ്പമാണ്. 17 സ്വര്‍ണവും 18 വെള്ളിയും 15 വെങ്കലവുമായാണ് ഹരിയാണയുടെ നേട്ടം.
അവസാനദിനം മൂന്ന് സ്വര്‍ണം
അവസാനദിനമായ ബുധനാഴ്ച കേരളം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. അണ്ടര്‍-20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.എം. നിഭയും അണ്ടര്‍-18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ. രോഹിതും അണ്ടര്‍-20 പെണ്‍കുട്ടികളുടെ 4ഃ400 റിലേ ടീമുമാണ് സ്വര്‍ണം നേടിയത്.
ഇരട്ട മെഡല്‍നേട്ടത്തോടെയായിരുന്നു ബുധനാഴ്ചത്തെ തുടക്കം. അണ്ടര്‍- 20 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.എം.നിഭ (ഒരു മിനിറ്റ് 1.55 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍ ഈയിനത്തില്‍ ആര്‍.ആരതി (ഒരുമിനിറ്റ് 3.13 സെക്കന്‍ഡ്) വെങ്കലം നേടി. പാലക്കാട് കടുക്കാംകുന്നം കോട്ടാല എസ്. മണികണ്ഠന്റെയും പുഷ്പയുടെയും മകളായ നിഭ പാലക്കാട് വിക്ടോറിയ കോളജില്‍ രണ്ടാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്.
അണ്ടര്‍-18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യ രണ്ടുസ്ഥാനവും കേരളം നേടി. എ. രോഹിത് (52.88 സെക്കന്‍ഡ് ) സ്വര്‍ണവും അഖില്‍ ബാബു (54.21 സെക്കന്‍ഡ്) വെള്ളിയും നേടി. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രോഹിത് പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ധനേശന്‍ ആരംഭന്‍ - സപ്ന ദമ്പതിമാരുടെ മകനാണ്.
റിലേയില്‍ പെണ്‍കുട്ടികള്‍ പതുങ്ങി, കുതിച്ചു
അണ്ടര്‍-20 പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ ആദ്യം പതുങ്ങിയ കേരളം അവസാന രണ്ട് ലാപ്പുകളില്‍ കുതിക്കുകയായിരുന്നു. മൂന്നാംലാപ്പ് ഓടിയ റിയ മോള്‍ ജോയി മൂന്നാംസ്ഥാനത്തുനിന്ന് ലീഡ് പിടിച്ചപ്പോള്‍ കെ.എം. നിഭ സ്വര്‍ണം ഉറപ്പിച്ച് ഫിനിഷിങ് ലൈന്‍ കടന്നു. (3 മിനിറ്റ് 50.51 സെക്കന്‍ഡ്). ടി. സൂര്യമോള്‍, ആര്‍. ആരതി എന്നിവരായിരുന്നു മറ്റ് ടീമംഗങ്ങള്‍. അണ്ടര്‍-20 ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ ആദ്യ ലാപ്പുകളില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാനലാപ്പില്‍ ബാറ്റണ്‍ കൈമാറുമ്പോള്‍ സംഭവിച്ച പിഴവുമൂലം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മനു റോഷന്‍, എം. നവനീത്, കെ.എ.അഖില്‍, ആല്‍ബര്‍ട്ട് ജയിംസ് പൗലോസ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍.
കേരളത്തിനുവേണ്ടി അണ്ടര്‍-20 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ എം. മനോജ്കുമാര്‍ (09:32.32) വെള്ളിയും അണ്ടര്‍-20 ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ അജിത്ത് ജോണ്‍ (21.71 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
അവസാനദിവസം അണ്ടര്‍-20 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ തെലങ്കാനയുടെ ജി.മഹേശ്വരി ദേശീയ റെക്കോഡ് (പത്ത് മിനിറ്റ് 34.10 സെക്കന്‍ഡ്) സ്വന്തമാക്കി. 2017-ല്‍ നന്ദിനി ഗുപ്ത കുറിച്ച റെക്കോഡാണ് (പത്ത് മിനിറ്റ് 53.91 സെക്കന്‍ഡ്) മറികടന്നത്. അണ്ടര്‍-18 പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ഉത്തരാഖണ്ഡിന്റെ അങ്കിത മീറ്റ് റെക്കോഡോടെ (നാല് മിനിറ്റ് 28.20 സെക്കന്‍ഡ്) സ്വര്‍ണം നേടി.
Content Highlights: National Junior Athletic Meet Haryana Champions