റാഞ്ചി: പരിക്കു കാരണം ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ സങ്കടം തീര്‍ത്ത് അപര്‍ണ റോയിയുടെ ദേശീയ റെക്കോഡ് പ്രകടനം. അതേസമയം ട്രാക്കില്‍, പ്രതീക്ഷ തെറ്റിയതിന്റെ നിരാശയും. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനം കേരളത്തിന് രണ്ട് സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും.
അണ്ടര്‍-18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറയിലെ അപര്‍ണ റോയി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയതാണ് ശനിയാഴ്ച കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം. 13.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അപര്‍ണ, ഈ വര്‍ഷം ആദ്യം ബാങ്കോക്കില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡ് തിരുത്തുകയായിരുന്നു.
അണ്ടര്‍-20 വിഭാഗം 400 മീറ്ററില്‍ ഉഷ സ്‌കൂളിലെ അബിത മേരി മാനുവലിന്റെ വകയാണ് മറ്റൊരു സ്വര്‍ണം. അബിത 55.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.
അണ്ടര്‍-16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് (58.12 സെക്കന്‍ഡ്), അണ്ടര്‍-18 പെണ്‍കുട്ടികളുടെ െൈഹജമ്പില്‍ തേവര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ഗായത്രി ശിവകുമാര്‍ (1.73 മീറ്റര്‍), അണ്ടര്‍-18 1500 മീറ്ററില്‍ ആദര്‍ശ് ഗോപി (3 മിനിറ്റ് 58.45 സെക്കന്‍ഡ്), അണ്ടര്‍-20 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍ (മൂന്നു മിനിറ്റ് 51.50 സെ), അണ്ടര്‍- 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അലീന വര്‍ഗീസ് (14.92 സെക്കന്‍ഡ്) എന്നിവരാണ് കേരളത്തിനുവേണ്ടി വെള്ളി നേടിയത്.
അണ്ടര്‍-20 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസ് (14.07 സെക്കന്‍ഡ്), അണ്ടര്‍-18 (പെണ്‍) 400 മീറ്ററില്‍ എ.എസ്.സാന്ദ്ര (56.25 സെ), അണ്ടര്‍-14 (പെണ്‍) 100 മീറ്ററില്‍ സി.അനുഗ്രഹ (13.22 സെക്ക), അണ്ടര്‍-18 (ആണ്‍) 100 മീറ്ററില്‍ അഭിനവ് സി (10.92 സെ), അണ്ടര്‍-18 (പെണ്‍) 1500 മീറ്ററില്‍ മിന്നു പി. റോയ് (നാലു മിനിറ്റ് 40 .33 സെ), അണ്ടര്‍-10 (ആണ്‍) 100 മീറ്ററില്‍ നെവില്‍ ഫ്രാന്‍സിസ് (10.95 സെ) എന്നിവരാണ് വെങ്കലം നേടിയത്.
ആദ്യദിനം കേരളം മൂന്നു സ്വര്‍ണം നേടിയിരുന്നു. ശനിയാഴ്ച അഞ്ച് ദേശീയ റെക്കോഡുകളും രണ്ട് മീറ്റ് റെക്കോഡുകളും പിറന്നപ്പോള്‍ അപര്‍ണ റോയിയുടെ നേട്ടം മാത്രമാണ് കേരളത്തില്‍നിന്ന് റെക്കോഡ് പട്ടികയില്‍ ഇടംനേടിയത്.
Content Highlights: National Junior Athletic Meet Aparna Roy Bags Gold