ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ കായികരംഗം അടിമുടി അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാകും. ദേശീയ ജൂനിയര്‍, സീനിയര്‍ ക്യാമ്പുകള്‍ നിര്‍ത്തുകയാണ്. പകരം പരിശീലന ചുമതലകള്‍ ഹൈ പെര്‍ഫോമന്‍സ് അക്കാദമികള്‍ക്ക് നല്‍കും. ഗ്രാസ് റൂട്ട് ലെവല്‍ അക്കാദമികളെയും പ്രോത്സാഹിപ്പിക്കും.

കേന്ദ്രം പണം വാരിയെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ കൃത്യമായ കണക്കുകള്‍ ചോദിക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേഷ് ശ്യാം ജുലിയാന വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം വരും. 

അക്കാദമികളെ മൂന്നായി തിരിക്കും- ഹൈ പെര്‍ഫോമന്‍സ്, ഗ്രാസ് റൂട്ട് ലെവല്‍, മള്‍ട്ടി ഇവന്റ്. പദുക്കോണ്‍ അക്കാദമി, ഗോപീചന്ദ് അക്കാദമി തുടങ്ങിയവയക്കൊപ്പം ബെംഗളുരുവിലെ അഞ്ജു - ബോബി സ്‌പോര്‍ട്‌സ് അക്കാദമിയും ഹൈ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതുപോലെ, സായ് സെന്ററുകളില്‍ അഞ്ചെണ്ണം ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലന കേന്ദ്രങ്ങളാക്കും. ഇതില്‍ തിരുവനന്തപുരം കാര്യവട്ടം സെന്റര്‍ വരാന്‍ സാധ്യതയുണ്ട്. 

ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് ജോ. സെക്രട്ടറി റാങ്കിലുള്ള കിഷോര്‍ പറഞ്ഞു. നീക്കങ്ങള്‍ പരമരഹസ്യമെന്നു സാരം. ടാറ്റാ, കിര്‍ലോസ്‌കര്‍, റിലയന്‍സ് തുടങ്ങി പല കോര്‍പറേറ്റ് ഭീമന്‍മാരും സായ് കേന്ദ്രങ്ങളുടെ പിന്തുണക്കാരാകും.

ഏഷ്യന്‍ ഗെയിംസ് മെഡലില്‍ ഇനി കാര്യമില്ല. ഒളിമ്പിക്‌സ് മെഡലില്‍ കുറഞ്ഞൊന്നും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രതീക്ഷിക്കുന്നില്ല. ഇതുവരെ കേന്ദ്രത്തില്‍ നിന്നു കോടികളുടെ സഹായം വാങ്ങിയ അക്കാദമികളോട് റിപ്പോര്‍ട്ട് ചോദിച്ചുകഴിഞ്ഞു. കേരളത്തിലെ ഒരു അക്കാദമിയോട് 2002 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സമര്‍പ്പിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതായാണ് സൂചന. വനിതാ പരിശീലകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

സായ് പദ്ധതികളെല്ലാം ഖേലോ ഇന്ത്യയുമായി ബന്ധിപ്പിക്കും. ഒളിമ്പിക് സെന്റര്‍ എന്ന തലത്തിലാകും ഏതാനും സായ് കേന്ദ്രങ്ങള്‍ അറിയപ്പെടുക. വലിയൊരു കായിക വിപ്ലവമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പണം ഒരു പ്രശ്‌നമാകില്ല. റിസള്‍ട്ടാണ് വേണ്ടത്. സര്‍ക്കാര്‍ സഹായം കൈപ്പറ്റി മുന്നോട്ടു പോകാമെന്ന് ഇനിയാരും കരുതേണ്ട. സഹായം കിട്ടും. പക്ഷേ, കണക്കും റിസള്‍ട്ടും വേണം. ദേശീയ സ്‌പോര്‍ട്‌സ് നയത്തെ എതിര്‍ക്കുന്ന കായിക സംഘടനകളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്.

Content Highlights: National Coaching Camps High Performance Academy Athletics