തിരുവനന്തരപുരം: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 31 ാമത്‌ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ വൈ. മുഹമ്മദ് അനസിന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്. 

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് അനസിനെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും  4 x 400  മീറ്റര്‍ റിലേയിലും വെള്ളിയും മിക്‌സഡ് റിലേയില്‍ സ്വര്‍ണവും അനസ് നേടി. 

കൊല്ലം, നിലമേല്‍ സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലൂടെ കായിക രംഗത്തേക്ക് കടന്നു വന്ന അനസ് 2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തതോടെയാണ് അന്തര്‍ ദേശീയ കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലും, 4 x 400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. 

400 മീറ്ററില്‍ ദേശീയ റെക്കോഡിന്‌ ഉടമയായ ( 45.21 Sec.) അനസ് 2018 ലെ  കോമണ്‍വെല്‍ത്ത് ഗെയിംസിലും കോണ്ടിനെന്റല്‍ കപ്പിലും 2017, 2019 വര്‍ഷങ്ങളിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ അനസ് നേവിയില്‍ ഉദ്യോഗസ്ഥനാണ്. പരേതനായ യാഹിയയുടെയും ഷീനയുടെയും മകനാണ്. സഹോദരന്‍ അനീസും അറിയപ്പെടുന്ന അത് ലറ്റ്‌ ആണ്.

Content Highlights: Muhammed Anas bags Jimmy George Award