Mohammed Hanan Third in 110m hurdles world rankingതാനൂര്‍ (മലപ്പുറം): പരിമിതികളൊന്നും ഹനാന് 'ഹര്‍ഡില്‍' ആയില്ല. താനൂരിലെ റോഡിലൂടെ കുതിച്ചോടിയ ഹനാന്‍ ചെന്നുനിന്നത് ലോക റാങ്ക് പട്ടികയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് ഹനാന് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം. 

ഇന്റര്‍നാഷണല്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിദ്ധപ്പെടുത്തിയ, 2021-ലെ റാങ്കിങ്ങിലാണ് അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഹനാന്‍ മൂന്നാംസ്ഥാനം നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നത് ഇതാദ്യം.

താനൂര്‍ വെള്ളച്ചാലില്‍ കരീമിന്റേയും നൂര്‍ജഹാന്റേയും മകനാണ് ദേവധാര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഹനാന്‍.

ഫെബ്രുവരി 26-ന് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍നടന്ന ദക്ഷിണേന്ത്യന്‍ മേഖല ജൂനിയര്‍ മീറ്റില്‍ 13.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പ്രകടനമാണ് ഹനാനെ ലോക റാങ്കിങ്ങിലെ നേട്ടത്തിലെത്തിച്ചത്. റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കാണ്.

സഹോദരന്‍ മുഹമ്മദ് ഹര്‍ഷാദിന്റെ കീഴില്‍ ആറുവര്‍ഷത്തെ ചിട്ടയായ പരിശീലനത്തിനൊടുവിലാണ് ഹനാന്റെ പ്രകടനം അന്താരാഷ്ട്ര നിലവാരത്തിലെത്തിയത്. താനൂരില്‍ പരിശീലനത്തിന് സൗകര്യങ്ങള്‍ കുറവാണ്. വീടിന് സമീപത്തെ റോഡിലും ബീച്ചിലും പരിശീലനം നടത്തിയിരുന്ന ഹനാന്റെ പ്രകടനം കണ്ട് തിരൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയം പരിശീലനത്തിന് ലഭ്യമാക്കിയിരുന്നു. സൗകര്യക്കുറവുകളൊന്നും റെക്കോഡ് പ്രകടനങ്ങള്‍ക്ക് തടസ്സമായില്ല.

ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. താനൂരിലെ ദീര്‍ഘായുഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് വെല്‍നെസ്സ് സെന്ററിലെ ചീഫ് ഫിസിഷ്യന്‍ ഡോ. പി. രഘുപ്രസാദും നിര്‍ദേശങ്ങളുമായി കൂടെയുണ്ട്. ജ്യേഷ്ഠന്‍ മുഹമ്മദ് ഹര്‍ഷാദ് എം.ജി. സര്‍വകലശാലയിലെ എം.പി. ഇ.എഡ്.വിദ്യാര്‍ഥിയാണ്.

ലക്ഷ്യം ഒളിമ്പിക് മെഡല്‍

''ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടുകയാണ് ലക്ഷ്യം. അതിനായുള്ള പരിശീലനമാണ് ഇപ്പോള്‍ നടത്തുന്നത്. 2024-ന് ശേഷമുള്ള ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്.'' - -മുഹമ്മദ് ഹനാന്‍

Content Highlights: Mohammed Hanan Third in 110m hurdles world ranking