ന്യൂയോര്‍ക്ക്: അമേരിക്കയിലെ നൈക്കി ഒറിഗണ്‍ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആല്‍ബര്‍ട്ടോ സലാസറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി യുവ അത്‌ലറ്റ്. മേരി കെയ്ന്‍ എന്ന 23-കാരിയായ അത്‌ലറ്റാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിര്‍ബന്ധിച്ചുള്ള ഉത്തേജക മരുന്ന് ഉപയോഗം തന്റെ സ്ത്രീത്വവും കൗമാരവും ബാല്യവും കവര്‍ന്നെടുത്തു എന്നാണ് മേരി കെയ്‌ന്റെ പരാതി. 

മധ്യ-ദീര്‍ഘദൂര ഓട്ടങ്ങളില്‍ പങ്കെടുക്കാനായി ഒറിഗണ്‍ നൈക്കി പ്രൊജക്റ്റില്‍ മേരി കെയ്‌നും ചേര്‍ന്നിരുന്നു. അത്‌ലറ്റിക്‌സിലെ വണ്ടര്‍ കിഡ് എന്ന് വിശേഷിപ്പിച്ചു പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ നല്‍കുകയായിരുന്നു സലാസര്‍. നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചുവെന്നും പതിനേഴാം വയസ്സില്‍ ആര്‍ത്തവം നിലച്ചുവെന്നും സ്ത്രീത്വം നഷ്ടപ്പെട്ടുവെന്നും മേരി കെയ്ന്‍ പരാതിയില്‍ പറയുന്നു. അസ്ഥികള്‍ പലതവണ പൊട്ടി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇപ്പോള്‍ മേരി കെയ്ന്‍ നേരിടുന്നത്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മേരി കെയ്‌നിന്റെ വെളിപ്പെടുത്തല്‍.

ഇതിന് പിന്നാലെ പ്രതികരണവുമായി നൈക്കി രംഗത്തെത്തി. മേരി കെയ്‌നിന്റെ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടെന്ന് അന്വേഷണത്തിന് ഉത്തരവിടുമെന്നും നൈക്കി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രിലില്‍ ഒറിഗണ്‍ പ്രൊജക്റ്റില്‍ വീണ്ടും ചേരാന്‍ മേരി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് മേരിയോ അവളുടെ മാതാപിതാക്കളോ ഇത്തരമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചില്ലെന്നും നൈക്കി വ്യക്തമാക്കുന്നു. 

ലോകോത്തര താരങ്ങളായ മോ ഫറ, സിഫാന്‍ ഹസ്സന്‍, ക്‌ളോസ്റ്റര്‍ ഹാഗന്‍ എന്നിവരുടേയെല്ലാം പരിശീലകനാണ് സലാസര്‍. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സലാസറിനെ നാല് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഒപ്പം സലാസര്‍ പരിശീലകനായ നൈക്കി ഒറിഗണ്‍ പ്രൊജക്ട് അടച്ചുപൂട്ടുകയും ചെയ്തു. നിലവില്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചിരിക്കുകയാണ് സലാസര്‍.

ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ട്

Story Courtesy: New York Times

Content Highlights: Mary Cain Athlet Allegations Against Nike and Salazar