ഗുവാഹത്തി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ അണ്ടര്‍ 21 വിഭാഗം പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ കേരളത്തിന്റെ ആന്‍സി സോജന് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം. 6.36 മീറ്റര്‍ ചാടിയ ആന്‍സി കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന്റെ ആന്‍ഡ്രിയ ഷെറിന്റെ (6.15) നേട്ടമാണ് മറികടന്നത്. ഇത്തവണ ആന്‍സിക്ക് വെല്ലുവിളി ഉയര്‍ത്തിയ ആന്‍ഡ്രിയ 6.30 മീറ്റര്‍ ചാടി വെള്ളി നേടി. കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവിനാണ് (5.99) വെങ്കലം.

തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയസെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആന്‍സിയുടെ ലോങ് ജമ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്. പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ ലോങ് ജമ്പില്‍ ആന്‍സി മീറ്റ് റെക്കോഡോടെ (6.26) സ്വര്‍ണം നേടിയിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍ വിഭാഗങ്ങളിലും സ്വര്‍ണം നേടിയ ആന്‍സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റിലെ മികച്ച അത്ലറ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Content Highlights: khelo india youth games gold for ancy sojan with games record