ഭോപ്പാല്‍: ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്​ലറ്റിക്സില്‍ 12 പേരുമായി പങ്കെടുത്ത കേരളം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയുമായി അഭിമാനനേട്ടം സ്വന്തമാക്കി. 

പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 6.12 മീറ്റര്‍ ദൂരം ചാടി ആന്‍സി സോജന്‍ സ്വര്‍ണവും 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും (രണ്ടുമിനിറ്റ് 24 സെക്കന്‍ഡ്) നേടി.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. വിഷ്ണുപ്രിയ (ഒരു മിനിറ്റ് 02.57 സെക്കന്‍ഡ്), 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമി (14.25 സെക്കന്‍ഡ്) എന്നിവരും സ്വര്‍ണം നേടി. ആന്‍സിയുടെയും ആന്‍ റോസിന്റെയും സ്വര്‍ണനേട്ടം ചൊവ്വാഴ്ചയായിരുന്നു. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍.കെ. സൂര്യജിത്ത് (53.83 സെക്കന്‍ഡ്) വെള്ളിയും ട്രിപ്പിള്‍ജമ്പില്‍ സി. അഖില്‍കുമാര്‍ (15.80 മീറ്റര്‍) വെങ്കലവും നേടി.

ആദ്യദിനം പി.ഡി. അഞ്ജലിയും വെള്ളി നേടിയിരുന്നു. മീറ്റ് ബുധനാഴ്ച സമാപിച്ചു. 11 സ്വര്‍ണവുമായി ഹരിയാണയാണ് പോയന്റ് പട്ടികയില്‍ മുന്നിലെത്തിയത്. തമിഴ്‌നാട് രണ്ടാമതും കേരളം മൂന്നാമതുമാണ്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓവറോള്‍ കിരീട വിതരണമോ മറ്റ് ചടങ്ങുകളോ ഉണ്ടായില്ല.

Content Highlights: Kerala won three golds in 18th National Federation Cup Junior Athletics Championship