പാട്യാല: പന്ത്രണ്ടാം വയസ്സില്‍ എം. ശ്രീശങ്കര്‍ ആദ്യമായി ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കി, 'ഒളിമ്പ്യന്‍ശങ്കര്‍ @ ജിമെയില്‍' എന്നപേരില്‍. ഐ.ഡി. ഉണ്ടാക്കി പത്തുവര്‍ഷം തികയുംമുമ്പ് ശ്രീശങ്കര്‍ ഒളിമ്പിക് വേദിയിലേക്ക് നടന്നുകയറുന്നു.

പാട്യാലയില്‍നടന്ന സീനിയര്‍ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.26 മീറ്റര്‍ ദൂരം ചാടിക്കടന്ന് ചൊവ്വാഴ്ച ഒളിമ്പിക് യോഗ്യതയും പുതിയ ദേശീയറെക്കോഡും കുറിച്ച ശ്രീശങ്കറിന്റെ യാത്ര തുടങ്ങിയത് പാലക്കാട് വെസ്റ്റ് യാക്കരയിലെ സ്വന്തം വീട്ടില്‍നിന്നുതന്നെയാണ്. ശങ്കുവിന്റെ അച്ഛന്‍ എസ്. മുരളിയും അമ്മ കെ.എസ്. ബിജിമോളും അന്താരാഷ്ട്ര അത്‌ലറ്റുകളായിരുന്നു. മുരളി ട്രിപ്പിള്‍ ജമ്പറും ബിജിമോള്‍ ഓട്ടക്കാരിയും.

വീട്ടില്‍നിന്ന് ഒളിമ്പിക്‌സിനെക്കുറിച്ച് ധാരാളമായി കേട്ടതുകൊണ്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അങ്ങനെയൊരു ഇ മെയില്‍ വിലാസം ഉണ്ടാക്കിയത്. അച്ഛനും അമ്മയും കാട്ടിയ വഴികള്‍ ചാടിക്കടന്നാണ് ശങ്കു വളര്‍ന്നത്. മുരളിയുടെ കീഴില്‍ത്തന്നെയായിരുന്നു പരിശീലനം. ജൂനിയര്‍ തലത്തില്‍ സംസ്ഥാനദേശീയ മത്സരങ്ങളില്‍ ഒട്ടേറെ മെഡലുകള്‍ വീട്ടിലേക്കെത്തി. പതിനഞ്ചാം വയസ്സില്‍ അഞ്ചുമീറ്റര്‍ പിന്നിട്ടു.

2018ല്‍ ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും മുന്നില്‍ക്കണ്ട് കഠിനപരിശ്രമത്തിനൊടുവില്‍ ആ വര്‍ഷത്തെ ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ 7.99 മീറ്റര്‍ ചാടി. പക്ഷേ, എട്ടു മീറ്റര്‍ എന്ന നിര്‍ണായക ഹര്‍ഡില്‍ കടക്കാന്‍ ഏറെ കാത്തിരുന്നു. അതിനിടെ, കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യതനേടി. യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെ പരിക്കിലായി. മൂന്നുമാസത്തെ വിശ്രമത്തിനുശേഷമാണ് പിന്നെ ഗ്രൗണ്ടിലെത്തിയത്. അതിനൊടുവില്‍, 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 8.20 മീറ്റര്‍ ചാടിക്കടന്ന് ദേശീയറെക്കോഡും പ്രതീക്ഷകളും വീണ്ടെടുത്തു. 2019-ല്‍ ഖത്തറില്‍നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

ലോങ്ജമ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുകൊണ്ട് പ്രൊഫഷണല്‍ കോഴ്‌സിനോട് ബൈ പറഞ്ഞു. ഇപ്പോള്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച ആദ്യശ്രമത്തില്‍ 8.02, തുടര്‍ന്ന് 8.04, 8.07, 8.09. അഞ്ചാമത്തെ ചാട്ടത്തില്‍ 8.26 മീറ്റര്‍. അഞ്ചുവട്ടവും എട്ടുമീറ്റര്‍ കടന്നു. 21-ാം വയസ്സില്‍ ഒളിമ്പിക് യോഗ്യതയും സ്വന്തം.

മീറ്റിന്റെ രണ്ടാംദിനം വനിതകളുടെ 100 മീറ്ററില്‍ ഒഡിഷയുടെ ദ്യുതി ചന്ദിനെ (11.58 സെക്കന്‍ഡ്) മറികടന്ന് കര്‍ണാടകയുടെ ധനലക്ഷ്മി (11.39 സെക്കന്‍ഡ്) സ്വര്‍ണം നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ ഡല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് (45.68 സെക്കന്‍ഡ്) സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്ററില്‍ പഞ്ചാബിന്റെ ഹര്‍മിലന്‍ ബെയ്ന്‍സ് (നാല് മിനിറ്റ് 08.70 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍ മലയാളി താരം പി.യു. ചിത്ര (4:17.56) രണ്ടാം സ്ഥാനം നേടി.

Content Highlights: Kerala long jump champion Sreeshankar qualified for Olympics