വിയന്ന: പുരുഷ മാരത്തണിലെ പകരക്കാരില്ലാത്ത ഇതിഹാസം കെനിയയുടെ എല്യൂഡ് കിപ്‌ചോജിന് സ്വപ്‌നതുല്ല്യമായൊരു നേട്ടം. മാരത്തണില്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമായിരിക്കുകയാണ് മുപ്പത്തിനാലുകാരനായ എല്യൂഡ്. അനൗദ്യോഗിക സമയം അനുസരിച്ച് ഒരു മണിക്കൂര്‍ 59 മിനിറ്റ് 40.2 സെക്കന്‍ഡിലാണ് എല്യൂഡ് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. രണ്ട് മണിക്കൂര്‍ 01 മിനിറ്റ് 39 സെക്കന്‍ഡായിരുന്നു ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ എല്യൂഡിന്റെ പേരിലുള്ള ലോക റെക്കോഡ്. 2018 സെപ്തംബര്‍ പതിനാറിനാറിന് ബെര്‍ലിന്‍ മാരത്തണിലാണ് എല്യൂഡ് ഈ റെക്കോഡ് കുറിച്ചത്.

എന്നാൽ, വിയന്നയിലേത് ഔദ്യോഗിക മത്സരമല്ലാത്തതുകൊണ്ട് ഈ സമയം ഒരു പുതിയ ലോക റെക്കോഡായി പരിഗണിക്കില്ല.

'ഞാനാണ് ആദ്യത്തെയാള്‍. എനിക്ക് ഒരുപാട് പേര്‍ക്ക് പ്രചോദനമാകണം. ഒരു മനുഷ്യനും പരിധികളില്ലെന്ന് കാണിച്ചുകൊടുക്കണം'-ചരിത്രനേട്ടത്തിനുശേഷം കിപ്‌ചോജ് പറഞ്ഞു. കിലോമീറ്ററില്‍ 2.50 മിനിറ്റ് വേഗം നിലനിര്‍ത്തിയാണ് എല്യൂഡ് ചരിത്രഫിനിഷ് പൂര്‍ത്തിയാക്കിയത്.

ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയതുപോലെ വിയന്നയില്‍ ഞാന്‍ ചരിത്രം കുറിക്കുമെന്ന് കഴിഞ്ഞയാഴ്ച എല്യൂഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

നിലവില്‍ ഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവാണ് എല്യൂഡ്.

Content Highlights: Kenya, Eliud Kipchoge, First In World To Run A Marathon In Under Two Hours, Athletics