പട്യാല: ഇന്ത്യയുടെ അത്‌ലറ്റിക്‌സ് കോച്ച് നിക്കോളായ് സ്‌നസറേവിനെ (72) ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നടന്ന അത്‌ലറ്റിക് ഗ്രാന്‍പ്രീക്കുവേണ്ടിയാണ് അദ്ദേഹം ബെംഗളൂരുവില്‍നിന്ന് പട്യാലയിലെത്തിയത്.

രാവിലെ പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചെങ്കിലും ഏറെ വൈകിയിട്ടും മത്സര വേദിയില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ബലാറസുകാരനായ നിക്കോളായ് മധ്യദീര്‍ഘദൂര ഓട്ടത്തിലെ പരിശീലകനായിരുന്നു. 2005-ലാണ് ഇന്ത്യയിലെത്തിയത്. കവിത റാവുത്ത്, മലയാളി അത്‌ലറ്റുകളായ പ്രീജാ ശ്രീധരന്‍, ഒ.പി. ജെയ്ഷ എന്നിവരെ പരിശീലിപ്പിച്ചു.

സ്റ്റീപ്പിള്‍ ചേസില്‍ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ അവിനാശ് സാബ്ലെയുടെ കോച്ചായിരുന്നു. 2019-ല്‍ പരിശീലക ചുമതല ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെങ്കിലും ടോക്യോ ഒളിമ്പിക്‌സ് വരെ കരാര്‍ നീട്ടിക്കൊടുത്തു. ഈയടുത്താണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. നിക്കോളായിയുടെ മരണത്തില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.

Content Highlights: Indian athletics coach Nikolai Snesarev of Belarus found dead in his hostel room at the National Institute of Sports