ഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ യോഗ്യത നേടാന്‍ 52 സെക്കന്‍ഡിനുള്ളില്‍ യോഗ്യതാ മത്സരം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മുന്നോട്ടുവെച്ച മാനദണ്ഡം. ആ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പില്‍ 51.97 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഹിമ ദാസ് പിന്നിട്ടത് 400 മീറ്ററിലെ സ്വര്‍ണനേട്ടം മാത്രമായിരുന്നില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യത കൂടിയായിരുന്നു.

ഈ സന്തോഷവാര്‍ത്ത ഹിമ തന്റെ അമ്മ ജൊനാലി ദാസിനെ വിളിച്ച് പറഞ്ഞു. ''കോമണ്‍വെല്‍ത്ത് ഗെയിംസോ? എന്താണത്? നിന്നെ ടിവിയില്‍ കാണിക്കുമോ?'' ഇതായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നുള്ള മറുപടി. തന്റെ മകള്‍ എന്തിനെക്കുറിച്ചാണ് പറയുന്നതെന്നുപോലും ആ അമ്മയ്ക്ക് അറിയുമായിരുന്നില്ല.

അതാണ് ഫിന്‍ലന്‍ഡില്‍ നടക്കുന്ന ലോക അണ്ടര്‍- 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഹിമയുടെ കുടുംബം. ചരിത്രത്തിന്റെ പോഡിയത്തില്‍ ഹിമ കയറി തലഉയര്‍പ്പിടിച്ച് നില്‍ക്കുമ്പോള്‍ അച്ഛന്‍ റോണ്‍ജിത്ത് ദാസും അമ്മ ജൊനാലി ദാസും വയലില്‍ ജോലിയെടുത്ത് തളര്‍ന്നിരിക്കുന്ന സമയമാകണം. അസമിലെ നാഗോണ്‍ ജില്ലയില്‍ കാന്തുലിമാരി ഗ്രാമത്തിലെ കര്‍ഷക കുടുംബമാണ് ഹിമയുടേത്.

ഹിമയെ കൂടാതെ ഇവര്‍ക്ക് നാലു കുട്ടികള്‍ കൂടിയുണ്ട്. ഇത്ര വലിയ മത്സരവേദിയിലേക്കാണ് പോകുന്നതെന്ന് ഹിമ അവരോട് പറഞ്ഞിരുന്നില്ല. അഥവാ തോറ്റാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതി ചെറിയ മത്സരത്തിനാണ് പോകുന്നതെന്നാണ് അവള്‍ വീട്ടുകാരോട് പറയാറുള്ളത്. ഇത് ഹിമയുടെ രീതിയാണ്. അതിനാല്‍ ഹിമ ലോക ചാമ്പ്യന്‍ഷിപ്പിനാണ് പോയതെന്നുപോലും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ താംപെരെയില്‍ ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഈ 18-കാരി സ്വന്തം പേരില്‍ കുറിച്ചു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാമതായാണ് ഹിമ ഫിനിഷ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഹിമ ആദ്യമായി 400 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്നത്. അതിനു മുന്‍പ് ഫുട്‌ബോളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍. 13-ാം വയസില്‍ ബന്ധുവായ പയ്യനൊപ്പമാണ് ഹിമ മൈതാനത്തിറങ്ങുന്നത്. ഫുട്‌ബോള്‍ ആണ്‍കുട്ടികളുടെ മാത്രം കളിയാണെന്ന വാക്കുകളെല്ലാം അവള്‍ ചിരിച്ചുതള്ളി. അവരേക്കാള്‍ വേഗത്തില്‍ ഫുട്‌ബോള്‍ മൈതാനത്തെ കീഴടക്കാന്‍ തുടങ്ങി. കളിക്കളത്തില്‍ ഒരിക്കലും ക്ഷീണിക്കാത്ത ആ കൂട്ടുകാരിയെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. 

hima das
ഹിമ അമ്മയോടൊപ്പം   ഫോട്ടോ: ട്വിറ്റര്‍

വീടിനടുത്തുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു നടന്ന ആ കൗമാരക്കാരിയുടെ വേഗത കണ്ട് അവളോട് അത്‌ലറ്റിക്‌സില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത് ശ്യാമസുല്‍ എന്ന പരിശീലകനായിരുന്നു. 

ട്രാക്കിലെത്തിയശേഷം അവളുടെ ആത്മസമര്‍പ്പണം പരീശീലകരെ അത്ഭുതപ്പെടുത്തി. 100 മീറ്ററിലും 200 മീറ്ററിലുമായിരുന്നു ആദ്യ പരീക്ഷണം. പിന്നീടാണ് 400 മീറ്ററില്‍ ശ്രദ്ധയൂന്നുന്നത്. അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച താരങ്ങളില്‍ ഏറ്റവും കുറവ് പരിശീലനം നേടിയ താരം ഹിമയാണെന്നറിയുമ്പോഴാണ് അവളുടെ നേട്ടത്തിന്റെ ആഴം മനസിലാക്കാനാകുക.

ഹിമയുടെ മുന്‍കാല പരിശീലകരില്‍ ഒരാള്‍ പറഞ്ഞത് ഹിമയ്ക്ക് താന്‍ അടിസ്ഥാനപരമായ പരിശീലനം മാത്രമാണ് നല്‍കിയതെന്നായിരുന്നു.  ബാക്കിയെല്ലാം അവള്‍ സ്വയം നേടിയെടുത്തതാണ്. ഓട്ടത്തിലെ നിയന്ത്രണമില്ലായ്മയായിരുന്നു ഹിമയുടെ പ്രശ്‌നം. എന്നാല്‍ ആത്മസമര്‍പ്പണം കൊണ്ട് അതെല്ലാം മറികടന്ന ഹിമ അവളേക്കാള്‍ കരുത്തരായ താരങ്ങളോടാണ് മത്സരിച്ചതും സ്വര്‍ണം കഴുത്തിലണിഞ്ഞതും.

ചുറ്റുമുള്ളവര്‍ക്കൊന്നും അവള്‍ക്കുമേല്‍ അമിത പ്രതീക്ഷകളില്ല. അതിനാല്‍ തന്നെ യാതൊന്നും അവളെ പിന്നോട്ടുവലിക്കുന്നില്ല. വെറും നാലുമാസം മുന്‍പുമാത്രം ഈ ഇനത്തിലേക്ക് കാലെടുത്തുവെച്ച 18-കാരി ഫിന്‍ലന്‍ഡില്‍ ചരിത്രത്തിന്റെ പോഡിയത്തിലേക്കു കയറി ഇന്ന് രാജ്യത്തിന്റെ അത്‌ലറ്റിക്‌സ് രാജകുമാരിയായി തിളങ്ങുകയാണ്.

Content Highlights: Hima Das love for speed helps assam teenager defy the odds on the tracks