പട്യാല: പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പുതിയ ദേശീയ റെക്കോഡും ഒളിമ്പിക് യോഗ്യതയും സ്വന്തമാക്കി മഹാരാഷ്ട്രയുടെ അവിനാശ് സാബ്ലെ.

ദേശീയ സീനിയര്‍ അത്ലറ്റിക്‌സിലെ മൂന്നാംദിനം എട്ട് മിനിറ്റ് 20.20 സെക്കന്‍ഡില്‍ അവിനാശ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പൂര്‍ത്തിയാക്കി. 2019-ല്‍ കുറിച്ച (8:21.37) സ്വന്തം ദേശീയ റെക്കോഡ് മറികടക്കുകയായിരുന്നു. ഈയിനത്തില്‍ എട്ട് മിനിറ്റ് 22 സെക്കന്‍ഡാണ് ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. അതും മറികടന്നു. ടോക്യോ ഒളിമ്പിക്‌സിന് നേരത്തേതന്നെ അവിനാശ് യോഗ്യത നേടിയിരുന്നു.

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര പുതിയ മീറ്റ് റെക്കോഡോടെ (87.80 മീറ്റര്‍) സ്വര്‍ണം നേടി. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് (20.58 മീറ്റര്‍) സ്വര്‍ണം നേടിയെങ്കിലും ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് (21.10 മീ) മറികടക്കാനായില്ല.

വനിതകളുടെ ലോങ്ജമ്പില്‍ കേരളത്തിന്റെ റിന്റു മാത്യു (6.07 മീറ്റര്‍) വെള്ളി നേടി. ജാര്‍ഖണ്ഡിന്റെ കെ. പ്രിയങ്കയ്ക്കാണ് (6.10 മീ) സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പില്‍ കേരളത്തിന്റെ ജിയോ ജോസ് (2.10 മീറ്റര്‍) വെങ്കലം നേടി.

Content Highlights: Federation Cup Avinash Sable Sets New National Record In 3000m Steeplechase