ബെര്‍ലിന്‍: മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി കെനിയയുടെ എലിയഡ് കിപ്ച്ചോഗെ. ഞായറാഴ്ച നടന്ന ബെര്‍ലിന്‍ മാരത്തണില്‍ രണ്ടുമണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്‍ഡില്‍ (2:01:39) ഓട്ടം പൂര്‍ത്തിയാക്കിയാണ് 33-കാരനായ കിപ്ച്ചോഗെ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 

മറ്റൊരു കെനിയക്കാരന്‍ ഡെന്നിസ് കിമെറ്റോ 2014 ബെര്‍ലിന്‍ മാരത്തണില്‍ സ്ഥാപിച്ച റെക്കോഡാണ് (2:02:57) മറികടന്നത്. വനിതാവിഭാഗത്തില്‍ കെനിയയുടെതന്നെ ഗ്ലാഡിസ് ചെറോണോ (2:18:11) സ്വര്‍ണംനേടി. 

ദീര്‍ഘദൂര ഓട്ടത്തില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എലിയഡ് കിപ്ച്ചോഗെ മാരത്തണില്‍ നിലവിലെ ഒളിമ്പിക് ജേതാവാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പങ്കെടുത്ത 11 ലോക മാരത്തണ്‍ മീറ്റുകളില്‍ പത്ത് സ്വര്‍ണംനേടി. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററിലും സ്വര്‍ണം നേടിയിട്ടുണ്ട്.

2017-ല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരം കെനിയന്‍ താരം നഷ്ടപ്പെടുത്തിയിരുന്നു. 26 സെക്കന്റിന്റെ വ്യത്യാസത്തിലായിരുന്നു ഇത്. അന്ന് റെക്കോഡിട്ടിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യതാരമെന്ന ചരിത്രനേട്ടം കിപ്‌ച്ചോഗെയുടെ പേരിലാകുമായിരുന്നു.

Content Highlights: Eliud Kipchoge sets new marathon world record in Berlin