ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്.

കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു ഈ സ്വര്‍ണനേട്ടം. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതായിരുന്നു ഇതുവരെ കോള്‍മാന്റെ കരിയറിലെ മികച്ച സമയം.  ഒപ്പം ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തം പേരില്‍ കുറിക്കാനും 23-കാരന് കഴിഞ്ഞു.

അമേരിക്കന്‍ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വെള്ളി നേടി. മുപ്പത്തിയേഴുകാരനായ ഗാറ്റ്‌ലിന്‍ കോള്‍മാന് മികച്ച മത്സരമാണ് നല്‍കിയത്. 9.89 സെക്കന്റില്‍ ഗാറ്റ്‌ലിന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. 

കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കാണ് വെങ്കലം. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റില്‍ ഓടിയെത്തിയാണ് കനേഡിയന്‍ താരം വെങ്കലം നേടിയത്‌. അതേസമയം ജമൈക്കയുടെ പ്രതീക്ഷയായിരുന്ന യൊഹാന്‍ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി. 

സെമിയില്‍ 9.88 സെക്കന്റില്‍ ഓടിയെത്തിയാണ് കോള്‍മാന്‍ ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 10 സെക്കന്റില്‍ താഴെ ഓടിയ ഒരേ ഒരാള്‍ കോള്‍മാന്‍ ആണ്. വെള്ളിയാഴ്ച നടന്ന 100 മീറ്റര്‍ പ്രാഥമിക റൗണ്ടിലെ സമയം (9.98 സെക്കന്റ്) മെച്ചപ്പെടുത്താനും കോള്‍മാന് കഴിഞ്ഞു.

2017 ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഗാറ്റ്ലിന്‍ ചാമ്പ്യനായത്. അന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (9.94 സെക്കന്‍ഡ്) വെള്ളി നേടിയിരുന്നു. ഉസൈന്‍ ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയായിരുന്നു ഇരുവരുടേയും ഈ നേട്ടം. 

 

Content Highlights: Christian Coleman wins 100m gold in 9.76 seconds World Athletic Championship