ഷിക്കാഗോ: ബ്രിട്ടന്റെ പൗള റാഡ്ക്ലിഫിന്റെ പതിനാറു വര്‍ഷം പഴക്കമുള്ള മാരത്തണ്‍ ലോക റെക്കോഡ് പഴങ്കഥയാക്കി കെനിയയുടെ ബ്രിജിഡ് കൊസ്‌ഗെയി. ഷിക്കാഗോ മാരത്തണിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ കൊസ്‌ഗെയിയുടെ റെക്കോഡ് നേട്ടം. രണ്ട് മണിക്കൂര്‍ 14 മിനിറ്റ് 04 സെക്കന്‍ഡ് ആണ് കൊസ്‌ഗെയി കുറിച്ച പുതിയ സമയം. റാഡ്ക്ലിഫ് 2003 ലണ്ടന്‍ മാരത്തണില്‍ കുറിച്ച രണ്ട് മണിക്കൂര്‍ 15 മിനിറ്റ് 25 സെക്കന്‍ഡ് എന്ന റെക്കോഡാണ് കൊസ്‌ഗെയി പഴങ്കഥയാക്കിയത്.

കഴിഞ്ഞ വര്‍ഷവും ഷിക്കാഗോയില്‍ കൊസ്‌ഗെയിക്കു തന്നെയായിരുന്നു വിജയം. അന്ന് രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 35 സെക്കന്‍ഡിലായിരുന്നു ഓടിയെത്തിയത്. തുടര്‍ന്നു നടന്ന ലണ്ടന്‍ മാരത്തണിലും കൊസ്‌ഗെയി വിജയം ആവര്‍ത്തിച്ചു. നിലവിലെ ചാമ്പ്യന്‍ വിവിയന്‍ ചെറ്യൂട്ടിനെയായിരുന്നു ലണ്ടനില്‍ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 20 സെക്കന്‍ഡായിരുന്നു അന്ന് ഫിനിഷ് ചെയ്ത സമയം. ലണ്ടന്‍ മാരത്തണില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കൊസ്‌ഗെയി.

Content Highlights: Brigid Kosgei, Paula Radcliffe, women's marathon record, Athletics