അഷ്ഗബാത്ത് (തുര്‍ക്‌മേനിസ്താന്‍): ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.
 
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്. ഇതില്‍ സ്വര്‍ണം നേടാനായത് ചിത്രയെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരമായിരിക്കുകയാണ്.
 
വനിതകളുടെ ലോംഗ്ജമ്പില്‍ മലയാളി താരം വി.നീന വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്.

athletics

 
മീറ്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ് സ്വന്തമാക്കാനായത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്ള ഇന്ത്യ അത്‌ലറ്റിക്‌സില്‍ കസാഖ്‌സ്താന് പിറകില്‍ രണ്ടാമതാണ്. കസാഖ്‌സ്താന് അത്‌ലറ്റിക്‌സ് ആറ് സ്വര്‍ണമുണ്ട്.
 
 പുരുഷന്മാരുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ലക്ഷ്മണന്‍ ഗോവിന്ദനും വനിതകളുടെ പെന്റാത്തലണില്‍ പൂര്‍ണിമ ഹേംബ്രാമുമാണ് ഇന്ത്യയ്ക്കുവേണ്ടര സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍.
 
 പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങ് ടൂറും വനിതകളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സഞ്ജീവനി ജാദവുമാണ് വെള്ളി നേടിയത്.
 
പുരുഷന്മാരുടെ 70 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ധര്‍മേന്ദര്‍ വെങ്കലം നേടി. സെമിയില്‍ തുര്‍ക്‌മേനിസ്താന്റെ അന്നമൈറാഡോവിനോട് തോല്‍വി വഴങ്ങിയാണ് ധര്‍മേന്ദര്‍ വെങ്കലം സ്വന്തമാക്കിയത്.