ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ സ്വപ്‌ന ബര്‍മന്‍ കായികരംഗത്തുനിന്ന് വിരമിക്കുന്നു. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയതിനുപിന്നാലെയാണ് സ്വപ്‌ന ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

സ്ഥിരമായി പരിക്കുകള്‍ അലട്ടുന്നതുമൂലമാണ് താരം മത്സരരംഗത്തുനിന്ന് വിരമിക്കുന്നത്. 'സ്ഥിരമായി പരിക്കുകള്‍ അലട്ടുന്നതുമൂലം എന്റെ കായികക്ഷമത കുറഞ്ഞു. ജീവിതത്തിലെ വിഷാദഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. റെയില്‍വേസ് നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിച്ചത്. സ്വര്‍ണം നേടിയതില്‍ സന്തോഷിക്കുന്നു'- സ്വപ്‌ന പറഞ്ഞു. 

ഇന്ത്യയുടെ ഹെപ്റ്റാത്തലണ്‍ താരമായ സ്വപ്‌ന വാറങ്കലില്‍ വെച്ച് നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ മാത്രമാണ് പങ്കെടുത്തത്. മറ്റ് ഇനങ്ങളില്‍ നിന്ന് താരം പിന്മാറി. തിരിച്ച് കൊല്‍ക്കത്തയിലെത്തിയ ശേഷം താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കും.

2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണിലാണ് സ്വപ്‌ന ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. രണ്ട് കാലുകളിലും ആറ് വിരലുകള്‍ വീതമുള്ള താരം ഏറെ പ്രയാസപ്പെട്ടാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ദോഹയില്‍ നന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടാനും സ്വപ്‌നയ്ക്ക് കഴിഞ്ഞു. പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. 

പരിക്കുകള്‍ സ്ഥിരമായി അലട്ടിയ സ്വപ്‌നയ്ക്ക് ടോക്യോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പശ്ചിമ ബംഗാളിലെ ഘോസ്പാരയാണ് സ്വപ്‌നയുടെ ജന്മദേശം. 

Content Highlights: Asian Games gold medal winner Swapna Barman mulling retirement