ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്മന് വെള്ളി നേടി.
ഏഴ് ഇനങ്ങളില്‍ നിന്നായി 5993 പോയിന്റാണ് സ്വപ്ന നേടിയത്. 6198 പോയിന്റ് നേടിയ ഉസ്ബക്കിസ്താന്റെ എകതരീന വൊര്നിന സ്വര്‍ണം നേടി. മറ്റൊരു ഇന്ത്യന്‍ താരമായ പൂര്‍ണിമ ഹെംബ്രാം 5528 പോയിന്റോടെ അഞ്ചാമതായി.
ഇന്ത്യയ്ക്ക് ഇപ്പോള്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഉള്ളത്.
പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ നിന്ന് മലയാളി താരം ജിന്സണ് ജോണ്സണ് പിന്‍വാങ്ങിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഒന്നാമത്തെ ഹീറ്റ്സില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജിന്സണ് പിന്മാറിയത്. തിങ്കളാഴ്ച 800 മീറ്റര്‍ ഓട്ടത്തിലും ജിന്സണ് മത്സരിച്ചിരുന്നില്ല.