ദോഹ: 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന്റെ റെക്കോഡോടെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം. വനിതകളുടെ ജാവലിനില്‍ അന്നു റാണി വെള്ളിയും 5000 മീറ്റര്‍ ഓട്ടത്തില്‍ പരുള്‍ ചൗധരിയും 400 മീറ്റര്‍ ഓട്ടത്തില്‍ പൂവമ്മയും വെങ്കലം നേടിയതാണ് ഒന്നാംദിനം ഇന്ത്യയുടെ പ്രധാന നേട്ടം. അതേസമയം 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്ന ഹിമ ദാസ് പരിക്കുമൂലം ഹീറ്റ്സിനിടെ പിന്‍മാറി. 

വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ 11.28 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദ്യുതി സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയത്. കഴിഞ്ഞവര്‍ഷം ഗുവാഹാട്ടിയില്‍ കുറിച്ച 11.29 സെക്കന്‍ഡ് മറികടന്ന ദ്യുതി ഹീറ്റ്സില്‍ ഒന്നാമതായി സെമിയിലെത്തി.

ജാവലിനില്‍ 60.22 മീറ്റര്‍ എറിഞ്ഞ് അന്നു റാണി വെള്ളി നേടിയപ്പോള്‍ ചൈനയുടെ ഹ്യൂയി ലിയും (65.83 മീറ്റര്‍) സ്വര്‍ണം നേടി. 400 മീറ്ററില്‍ പകുതിയോളം ഓടിയശേഷം പുറംവേദനകാരണം ഹിമ ഓട്ടം നിര്‍ത്തുകയായിരുന്നു. ഈയിനത്തില്‍ ദേശീയ റെക്കോഡിന് ഉടമയാണ് ഹിമ. പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് സെമിയിലെത്തി. 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും സെമിയിലെത്തി.

Content Highlights: Asian Athletic Championship Annu Rani, Parul Choudhary Open India's Medal Account