ന്യൂയോര്‍ക്ക്: പോള്‍വോള്‍ട്ടിലെ ലോകറെക്കോഡുകാരന്‍ അമാന്‍ഡ് ഡ്യുപ്ലന്റിസ് തന്റെ റെക്കോഡ് വീണ്ടും പൊളിച്ചുപണിതു. പോളണ്ടില്‍ നടന്ന മത്സരത്തില്‍ 6.17 മീറ്റര്‍ ഉയരം പിന്നിട്ട് ലോകറെക്കോഡ് സൃഷ്ടിച്ച ഇരുപതുകാരന്‍ ഒരാഴ്ച്ചക്കിടെ ആ റെക്കോഡ് തിരുത്തുകയായിരുന്നു. 6.18 മീറ്ററാണ് പുതിയ റെക്കോഡ്.
ഫ്രഞ്ച് താരം റെനോ ലവിലെനിയുടെ പേരിലുള്ള 6.16 മീറ്ററിന്റെ റെക്കോഡാണ് സ്വീഡിഷ് താരം മറികടന്നത്. 2014-ലായിരുന്നു പോള്‍വോള്‍ട്ട് ഇതിഹാസം സെര്‍ജി ബുബ്കയെ പിന്നിലാക്കിയ പ്രകടനം റെനോ പുറത്തെടുത്തത്. എന്നാല്‍ ഡ്യുപ്ലന്റിസിന്റെ മുന്നില്‍ ആ റെക്കോഡും തകര്‍ന്നു.
മൂന്നാം വയസ്സില്‍തന്നെ ചാടിത്തുടങ്ങിയവനാണ് മോണ്ടോ എന്നു വിളിപ്പേരുള്ള ഡ്യുപ്ലന്റിസ്. അമേരിക്കയ്ക്കാരനായ അച്ഛന്‍ ഗ്രെഗിന്റെ പാതയിലൂടെയായിരുന്നു കുഞ്ഞുമോണ്ടോയുടെ യാത്ര. അമ്മ സ്വീഡന്‍കാരിയായ ഹെലനും അത്‌ലറ്റിക്‌സുമായി ബന്ധമുണ്ട്. മുന്‍ ഹെപ്റ്റാത്തലണ്‍ താരവും വോളിബോള്‍ താരവുമാണ് ഹെലന്‍. ചേട്ടന്‍ ആന്ദ്രെ 2009-ലെ ലോക യൂത്ത് അത്‌ലറ്റിക്‌സും 2012-ലെ ലോക ജൂനിയര്‍ മീറ്റിലും പോള്‍വോള്‍ട്ടില്‍ മത്സരിച്ച താരമാണ്. അവിടെ തീരുന്നില്ല ഈ കുടുംബകാര്യം. മറ്റൊരു സഹോദരന്‍ അന്റോയ്ന്‍ പോള്‍വോള്‍ട്ട് വിട്ട് ഇപ്പോള്‍ ബേസ്‌ബോള്‍ കളിക്കുന്നു. സഹോദരി ജൊഹനയും പോള്‍വോള്‍ട്ടിന്റെ വഴിയേ തന്നെയാണ്.
അച്ഛന്‍ തന്നെയാണ് ഡ്യുപ്ലന്റിസിന്റെ പരിശീലകന്‍. യു.എസിലെ ലൂസിയാനയിലെ വീടിന് പിന്‍വശത്ത് പോള്‍വോള്‍ട്ടിന്റെ ട്രാക്കും ബെഡും മക്കള്‍ക്ക് പരിശീലിക്കാനായി ഈ അച്ഛന്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ യു.എസിന് വേണ്ടിയല്ല, ടോക്കിയോ ഒളിമ്പിക്‌സില്‍ അമ്മയുടെ നാടായ സ്വീഡന് വേണ്ടിയാണ് ഡ്യുപ്ലന്റിസ് കളത്തിലിറങ്ങുക. യു.എസ് ട്രയല്‍സ് കഠിനമായതാണ് ഇതിന് പിന്നിലെ കാരണം.
SIX POINT SEVENTEEN METERS NEW WR @mondohoss600 pic.twitter.com/dkZHhIacNc
— Andreas Duplantis (@dreasduplantis) February 8, 2020
Content Highlights: Armand Duplantis breaks his own pole vault world record