നഡിയാദ്: ആറുവര്‍ഷത്തിനിടെ ദേശീയ സ്‌കൂള്‍മീറ്റില്‍ 11 സ്വര്‍ണവുമായി അപര്‍ണ റോയി സ്‌കൂള്‍ ഗെയിംസിന്റെ ട്രാക്കിനോട് വിടപറയുന്നു. 

നഡിയാദില്‍ ഹര്‍ഡില്‍സില്‍ പുതിയ സമയം കുറിച്ച അപര്‍ണ 4x100 റിലേയിലും സ്വര്‍ണം നേടി. 2017-ല്‍ ഹരിയാണയിലെ റോഹ്തകില്‍ സ്ഥാപിച്ച 14.25 സെക്കന്‍ഡിനേക്കാളും മികച്ച സമയം നഡിയാദില്‍ (13.91 സെക്കന്‍ഡ്) കുറിച്ചെങ്കിലും ഇത്തവണ ഹര്‍ഡിലിന്റെ ഉയരം 84 സെന്റി മീറ്ററില്‍ നിന്ന് 76 ആയി ചുരുക്കിയതിനാല്‍ റെക്കോഡ് തിരുത്തിയെന്ന് പറയാനാവില്ല. ഈയിനത്തില്‍ മഹാരാഷ്ട്രയുടെ ഫെര്‍ണാണ്ടസ് മിഷേല്‍ (14.21 സെ.) വെള്ളിയും ഐ.എസ്.സി.ഇ.യുടെ റിഷിക നേപ്പാളി (14.48 സെ) വെങ്കലവും നേടി.

2013-ല്‍ റാഞ്ചിയില്‍ സബ്ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു അപര്‍ണയുടെ ആദ്യ സ്വര്‍ണം. 2016 ല്‍ വഡോദരയില്‍ ജൂനിയര്‍ ലോങ്ജമ്പിലും വെള്ളി നേടി. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളായ അപര്‍ണ പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിനിയാണ്. ടോമി ചെറിയാനു കീഴിലാണ് പരിശീലനം.

അപര്‍ണയുടെ സ്വര്‍ണങ്ങള്‍

-2013, റാഞ്ചി

* സബ് ജൂനിയര്‍- 80 മീറ്റര്‍ ഹര്‍ഡില്‍സ്

2014, റാഞ്ചി

* സബ്ജൂനിയര്‍- 80 മീ. ഹര്‍ഡില്‍സ്, 4x100 റിലേ

2015, കോഴിക്കോട്

* ജൂനിയര്‍- 100 മീ. ഹര്‍ഡില്‍സ്, 4x100 റിലേ

2016, വഡോദര

* ജൂനിയര്‍- 100 മീ.ഹര്‍ഡില്‍സ്, 4x100 റിലേ

2017- റോഹ്തക്

* സീനിയര്‍- 100 മീ. ഹര്‍ഡില്‍സ്, 4x100 റിലേ

2019, നഡിയാദ്

* 100 മീ. ഹര്‍ഡില്‍സ്, 4x100 റിലേ

Content Highlights: aparna roy 11 gold medals in 6 years