സംഗ്രൂര്‍ (പഞ്ചാബ്): ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ആന്‍സി സോജന്‍. 100 മീറ്റര്‍, 200 മീറ്റര്‍ സ്വര്‍ണനേട്ടത്തിന് പിന്നാലെ ലോങ് ജമ്പിലും ആന്‍സി ഒന്നാമതെത്തി. സംസ്ഥാന സ്‌കൂള്‍ മീറ്റിലെ നേട്ടത്തിന് പിന്നാലെ ദേശീയ മീറ്റിലും ആ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു ആന്‍സി. 

ലോങ് ജമ്പില്‍ മീറ്റ് റെക്കോഡെയായിരുന്നു ആന്‍സിയുടെ സ്വര്‍ണം. 6.26 മീറ്റര്‍ ദൂരമാണ് ആന്‍സി പിന്നിട്ടത്. മലയാളി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്‌. നേരത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റിലും ആന്‍സി മീറ്റ് റെക്കോഡിട്ടിരുന്നു. അന്ന് കണ്ണൂരില്‍ 6.24 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. 

ആന്‍സിയുടെ അഞ്ചാമത്തെ ദേശീയ മീറ്റാണിത്‌. അതില്‍ ഒമ്പതു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ നദിയാദില്‍ നൂറിലും ഇരുനൂറിലും വെള്ളി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മൂന്ന് റെക്കോഡിട്ട് വ്യക്തിഗത ചാമ്പ്യനായിരുന്നു. 

തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ആന്‍സി ഇടപ്പള്ളി വീട്ടില്‍ സോജന്റേയും നാന്‍സിയുടെയും മകളാണ്. ഓട്ടോ ഡ്രൈവറായ വി.വി സനോജാണ് പരിശീലകന്‍. 

മീറ്റിന്റെ നാലാം ദിനം കേരള താരങ്ങള്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും കേരളം ഇന്ന് അക്കൗണ്ടിലെത്തിച്ചു. 200 മീറ്ററിലും ലോങ് ജമ്പിലും ആന്‍സി സ്വര്‍ണം നേടിയപ്പോള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ.രോഹിത് മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രോഹിത് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ ആരതിയിലൂടെയാണ് കേരളത്തിന്റെ നാലാം സ്വര്‍ണം.

Content Highlights: Ancy Sojan Triple Gold National School Athletic Meet