തൃശ്ശൂര്‍: ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാല് സ്വര്‍ണംനേടി തൃശ്ശൂരില്‍ മടങ്ങിയെത്തിയ ആന്‍സി സോജനെ കാത്തിരുന്നത് സ്‌നേഹനിര്‍ഭര സ്വീകരണം. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ച നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ആന്‍സിക്കൊരു സ്വര്‍ണ ജിമിക്കിക്കമ്മലിട്ടുകൊടുത്തു. ഇത് പഞ്ചായത്തിന്റെ വകയെന്ന് പറഞ്ഞ വിനു കെട്ടിപ്പിടിച്ചൊരുമ്മയും നല്‍കി. ആന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു.

 പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും പ്രതിനിധികള്‍ക്ക് പുറമേ ആന്‍സിയുടെ കുടുംബവും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അപ്പന്‍ സോജനെയും അമ്മ ജാന്‍സിയെയും ആന്‍സി കെട്ടിപ്പിടിച്ചു. അനിയത്തി അഞ്ജലി ചേച്ചിയുടെ കൈയില്‍ തൂങ്ങി.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് നടക്കവേ ആന്‍സി പറഞ്ഞു - ''ഇനി സ്‌കൂള്‍ കായികമേളകളില്‍ മത്സരിക്കാനാവില്ലല്ലോ എന്ന വിഷമമുണ്ട്... കൂട്ടുകാരെയൊക്കെ മിസ് ചെയ്യും''. നാട്ടിക ഫിഷറീസ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആന്‍സി. ലോങ് ജമ്പില്‍, താന്‍ ജനിക്കുംമുമ്പുള്ള റെക്കോഡ് തകര്‍ത്തതിനെക്കാള്‍ സന്തോഷം 200 മീറ്ററില്‍ സ്വര്‍ണം നേടിയപ്പോഴായിരുന്നെന്ന് ആന്‍സി പറഞ്ഞു. അന്താരാഷ്ട്രതാരമായ പ്രിയ എച്ച്. മോഹനെ ഏറെ പിന്നിലാക്കിയായിരുന്നു 200 മീറ്ററിലെ ആന്‍സിയുടെ സുവര്‍ണനേട്ടം. തൃശ്ശൂര്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍. സാംബശിവന്‍, സെക്രട്ടറി കെ.ആര്‍. സുരേഷ് എന്നിവരും കായികവകുപ്പിനുവേണ്ടി ബൊക്കെ നല്‍കി സ്വീകരിക്കാന്‍ എത്തിയിരുന്നു.

കണ്ണന്‍ ഓട്ടോയിലുണ്ട്

തൃശ്ശൂര്‍: ആന്‍സി റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും തിരഞ്ഞത് കോച്ച് കണ്ണനെയായിരുന്നു. ആ സമയത്ത് തന്റെ പെട്ടി ഓട്ടോയില്‍ സിമന്റ് ചാക്കുകളുമായി ഓട്ടം പോവുകയായിരുന്നു കണ്ണന്‍. അത് മാത്രമാണ് ഉപജീവനമാര്‍ഗം. ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാല് സ്വര്‍ണം നേടിയ താരത്തിന്റെ പരിശീലകനാണിത്.

''പഞ്ചാബില്‍ പോയതോടെ പത്ത് ദിവസത്തോളം നഷ്ടമായി... ഓട്ടം പോകാതിരുന്നാല്‍ പ്രശ്‌നമാകും. ജീവിക്കണ്ടേ...'' കണ്ണന്‍ ബുധനാഴ്ചതന്നെ പഞ്ചാബില്‍ നിന്നും എത്തിയിരുന്നു. തന്റെ മഞ്ഞ പെട്ടി ഓട്ടോയുമായി കണ്ണന്‍ സിമന്റ് ചാക്കുകള്‍ എത്തിക്കാനായി വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

Content Highlights: Ancy Sojan National School Athletics Four Gold Medals Reception