റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സ് തുടങ്ങുംമുമ്പ് ആന്‍സി സോജനുമുന്നില്‍ രണ്ടു കടമ്പകളുണ്ടായിരുന്നു. ഒന്ന്, പരിക്കേറ്റ വലംകാലില്‍ നാള്‍ക്കുനാള്‍ വേദന കൂടിക്കൊണ്ടിരിക്കുന്നു. രണ്ട്, മീറ്റില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലേക്ക് തീവണ്ടിയില്‍ ടിക്കറ്റില്ല. ടിക്കറ്റിന്റെ പ്രശ്‌നം നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പരിഹരിച്ചു. പിരിവെടുത്ത് വിമാന ടിക്കറ്റ് എടുത്തുനല്‍കി. പ്രധാന പ്രശ്‌നമായ പരിക്കിനെ ആന്‍സി ആത്മവിശ്വാസംകൊണ്ട് മറികടന്നു.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 5.97 മീറ്റര്‍ ചാടിക്കടന്ന ആന്‍സി 34-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ കേരളത്തിന് ആദ്യസ്വര്‍ണം സമ്മാനിച്ചു. ''നാട്ടുകാരുടെ പിന്തുണയില്‍ മത്സരിക്കാനെത്തിയതിനാല്‍ ഇതൊരു അഭിമാനമത്സരമായിരുന്നു. അതില്‍ വിജയിച്ച് തലയുയര്‍ത്തി മടങ്ങുന്നു'' - ആന്‍സിയുടെ കോച്ച് വി.വി. കണ്ണന്‍ ആശ്വാസത്തോടെ പ്രതികരിച്ചു.
ആന്‍സിയുടെ പ്രതികാരം
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആന്‍സിയെ മറികടന്ന് പി.എസ്. പ്രഭാവതി സ്വര്‍ണം നേടിയിരുന്നു. റാഞ്ചിയില്‍ പ്രഭാവതിയെയും പിന്നിലാക്കി തൃശ്ശൂര്‍ നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലെ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വര്‍ണമണിഞ്ഞു.
ഒക്ടോബര്‍ 20 മുതല്‍ തൃശ്ശൂരില്‍ നടന്ന ജില്ലാ കായികമേളയ്ക്കിടെ വലംകാലില്‍ ചതവുണ്ടായിരുന്നു. എങ്കിലും രണ്ടുദിവസംകഴിഞ്ഞ് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്തു. വിശ്രമമില്ലാത്തതിനാല്‍ കാലിലെ പരിക്ക് കൂടിക്കൂടിവന്നു. തിരുവനന്തപുരത്ത് പ്രഭാവതി (5.82 മീറ്റര്‍) സ്വര്‍ണവും സാന്ദ്രബാബു (5.72 മീ.) വെള്ളിയും നേടിയപ്പോള്‍ മൂന്നാമതായ ആന്‍സി 200 മീറ്ററില്‍ സ്വര്‍ണം നേടി ആശ്വസിച്ചു. തിരുവനന്തപുരത്തുനിന്ന് തിരിച്ചെത്തി ഒരുദിവസംപോലും വിശ്രമിക്കാന്‍ പറ്റിയില്ല.
മീറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ പരിശീലനം മുടക്കാനും കഴിയില്ല. കാലില്‍ വേദന കൂടിവന്നു. എങ്കിലും ജൂനിയര്‍ മീറ്റില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് നാട്ടുകാരുടെ സഹായത്തോടെ വിമാനത്തില്‍ വരാന്‍ തീരുമാനിച്ചത്. ഒപ്പം നാട്ടിക സ്‌കൂളിലെ മറ്റ് നാലുതാരങ്ങളും കോച്ചും അച്ഛന്‍ സോജനും. ശനിയാഴ്ച, അഞ്ചാമത്തെ ചാട്ടത്തില്‍ ആന്‍സി മെഡല്‍ ഉറപ്പിച്ചു. 5.50, 5.65, 5.82, 5.79 എന്നീ ദൂരങ്ങള്‍ക്കൊടുവില്‍ 5.97 മീറ്ററിലേക്ക് കുതിച്ചു. ഇക്കുറി സംസ്ഥാന ജൂനിയര്‍ മീറ്റില്‍ കുറിച്ച 5.98 മീറ്ററാണ് ആന്‍സിയുടെ മികച്ച ദൂരം.
ഏറെക്കാലമായി ആന്‍സിയും പ്രഭാവതിയും സംസ്ഥാന-ദേശീയ തലത്തില്‍ പരസ്പരം മത്സരിക്കുന്നു. ഇതിനിടെ സാന്ദ്ര ബാബുവും എത്തിയതോടെ ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പ് മത്സരം കനത്തു. ഇടവേളയ്ക്കുശേഷം, തിരുവനന്തപുരത്തുവെച്ച് ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയ പ്രഭാവതി ഇവിടെയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നാലാംസ്ഥാനത്തായി. ഉത്തര്‍പ്രദേശിന്റെ ദീപാന്‍ഷി (5.91) വെള്ളിയും ഒഡിഷയുടെ മനീഷ മെറല്‍ (5.88) വെങ്കവും നേടി. അഞ്ചുവര്‍ഷമായി കണ്ണന്റെ കീഴില്‍ പരിശീലിക്കുന്ന ആന്‍സി തുടക്കത്തില്‍ 100, 200 മീറ്ററുകളിലാണ് പങ്കെടുത്തിരുന്നത്. പിന്നീട് 200, ജമ്പ് ഇനങ്ങളിലേക്ക് മാറി.
Content Highlights: ancy sojan long jump gold in national junior athletics championships 2018