ഇന്ത്യന്‍ അത്ലറ്റിക്‌സിലെ കൗമാരതാരമായ ആന്‍സി സോജനെ തേടി വിരാട് കോലി ഫൗണ്ടേഷന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി 2013-ല്‍ സ്ഥാപിച്ചതാണീ ഫൗണ്ടേഷന്‍. കായികരംഗത്തെ കഴിവുറ്റ താരങ്ങളെ കണ്ടെത്തി പരിശീലനത്തിനുവേണ്ട എല്ലാസഹായങ്ങളും നല്‍കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
ഫൗണ്ടേഷന്റെ 2020 മുതല്‍ 2022 വരെയുള്ള പ്രോഗ്രാമിലേക്കാണ് ക്ഷണം. പ്രോഗ്രാമിന്റെ മൂന്നാം എഡിഷന്‍ മാര്‍ച്ച് ആറിന് മുംബൈയിലാണ് തുടങ്ങുന്നത്.
വിരാട് കോലി ഫൗണ്ടേഷന്റെ വിളി വന്നല്ലോ എന്ത് തീരുമാനിച്ചു
ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നാട്ടിക സ്‌പോര്‍ട്സ് അക്കാദമിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അവരുടെ ഓഫീഷ്യല്‍ മെയില്‍ വന്നു. അതിനുമുന്നോടിയായി കോലി ഫൗണ്ടേഷന്റെ അധികൃതര്‍ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കരാറിലെ വ്യവസ്ഥകള്‍ അറിഞ്ഞിട്ടേ തീരുമാനമെടുക്കൂ.
കൊറോണ കാരണം ചൈനയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായില്ലേ
നഷ്ടമായിക്കാണുന്നില്ല. അപ്രതീക്ഷിതമായാണ് ചാമ്പ്യന്‍ഷിപ്പിലേക്ക് വിളി വന്നത്. 'ഖേലോ ഇന്ത്യ'യിലെ പ്രകടനമായിരുന്നു അടിസ്ഥാനം. മികച്ച ഫോമിലായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ആദ്യ അന്താരാഷ്ട്ര മെഡല്‍ ലഭിക്കുമായിരുന്നു. ഉറപ്പൊന്നുമില്ല, നേരിയൊരു സാധ്യതമാത്രം.
എന്തൊക്കെയാണ് അടുത്ത ലക്ഷ്യങ്ങള്‍
ഏപ്രിലില്‍ ഭോപാലില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം. അതിനുള്ള പരിശീലനത്തിലാണ്. അതില്‍ ജൂലായില്‍ നെയ്റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാമാര്‍ക്ക് മറികടക്കണം. മേയില്‍ ജൂനിയര്‍ ഏഷ്യന്‍ അത്ലറ്റിക്‌സ് നടക്കുന്നുണ്ട് അതിലേക്കും യോഗ്യത നേടണം.

ലോങ് ജമ്പില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ
പ്രധാന ഇനം ലോങ്ജമ്പ് തന്നെയാണ്. എന്നാല്‍ 100, 200 മീറ്ററുകളിലും മത്സരിക്കും.
ആന്‍സി സോജനുമായുള്ള അഭിമുഖവും താരത്തിന്റെ വിശേഷവും പുതിയ ലക്കം സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം...
Content Highlights: ancy sojan gets call from virat kohli foundation