മൂഡബിദ്രി (മംഗളൂരു): ജൈനസന്നിധിയായ മൂഡബിദ്രിയിലെ സ്വരാജ് മൈതാനി ഇനിയുള്ള നാലുനാള്‍ ആണ്‍കരുത്തിന്റെ കായികക്കുതിപ്പറിയും. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ അത്ലറ്റിക് മീറ്റിന് (പുരുഷവിഭാഗം) ചൊവ്വാഴ്ച തുടക്കം. കോവിഡ് വിലങ്ങിട്ടിരുന്ന ട്രാക്കില്‍ മാഹാമാരിയുടെ വ്യാപനം കുറയ്ക്കാനായി ഇത്തവണ പുരുഷ-വനിത മത്സരങ്ങള്‍ വെവ്വേറെയാണ് നടത്തുന്നത്.

10,000 മീറ്റര്‍ ഫൈനലോടെയാണ് മീറ്റ് തുടങ്ങുക. ഇന്ത്യയിലെ 400 സര്‍വകലാശാലകളില്‍നിന്നുള്ള 2000 താരങ്ങള്‍ 23 ഇനങ്ങളില്‍ മാറ്റുരയ്ക്കും. കേരളത്തില്‍നിന്ന് കാലിക്കറ്റ് സര്‍കലാശാലയാണ് ഏറ്റവും കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നത്, 36 പേര്‍. എം.ജി.-31, കണ്ണൂര്‍-15, കേരള-11, ആരോഗ്യസര്‍വകലാശാല-11 എന്നിങ്ങനെയാണ് മറ്റു സര്‍വകലാശാലകളുടെ പ്രാതിനിധ്യം.

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്മാരാകുന്ന യൂണിവേഴ്സിറ്റി ടീമിന് 50,000 രൂപ നല്‍കുമെന്ന് സംഘാടകരായ ആല്‍വാസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ഡോ. എം. മോഹന്‍ ആല്‍വാസ് പറഞ്ഞു. 

രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സര്‍വകലാശാലകള്‍ക്ക് യഥാക്രമം 30,000, 20,000 രൂപയും നല്‍കും. ദേശീയ റെക്കോഡിടുന്ന താരങ്ങള്‍ക്ക് 25,000 രൂപവീതവും നല്‍കും. 23 ഇനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന കായികതാരങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപവീതം നല്‍കും. ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റി അസോസിയേഷന്‍, മംഗളൂരു യൂണിവേഴ്സിറ്റി, ആല്‍വാസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നിവരാണ് മീറ്റ് സംഘിപ്പിക്കുന്നത്. തുടര്‍ച്ചയായി നാലുവര്‍ഷമായി മംഗളൂരു സര്‍വകലാശാലയാണ് ചാമ്പ്യന്മാര്‍.

Content Highlights: all india inter university sports meet from today