മൂഡബിദ്രി: കായികരംഗത്ത് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച കേരളത്തിലെ സര്‍വകലാശാലകളുടെ കരുത്ത് ചോരുന്നുവോ? എണ്‍പതാമത് അഖിലേന്ത്യാ അന്തഃസര്‍വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചപ്പോള്‍ ഈ ചോദ്യം തെളിഞ്ഞുവരുന്നു.

കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് മെഡലിലും പോയന്റിലും കേരളം പിന്നാക്കംപോയി. കഴിഞ്ഞവര്‍ഷം വനിതാ റണ്ണറപ്പ് ആയ എം.ജി. ആ സ്ഥാനം നിലനിര്‍ത്തിയതുമാത്രമാണ് ആശ്വാസം. പക്ഷേ, കഴിഞ്ഞവര്‍ഷം 74 പോയന്റായിരുന്നെങ്കില്‍ ഇക്കുറി 47 പോയന്റ് മാത്രം. സ്വര്‍ണത്തിലും കേരളത്തിലെ സര്‍വകലാശാലകള്‍ പിറകിലായി. കഴിഞ്ഞവര്‍ഷം എം.ജി. നാലു സ്വര്‍ണം നേടിയിടത്ത് ഇക്കുറി ഒന്നുമാത്രം. കാലിക്കറ്റിന്റെ ആറു സ്വര്‍ണം ഇക്കുറി നാലായി. കേരള സര്‍വകലാശാല രണ്ടു സ്വര്‍ണം നിലനിര്‍ത്തി.

കണ്ണൂര്‍, കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കേരള ആരോഗ്യ സര്‍വകലാശാല എന്നിവര്‍ സംപൂജ്യരായി മടങ്ങി. സ്‌കൂള്‍ മീറ്റുകളില്‍ തിളങ്ങിയ ഹര്‍ഡില്‍സ് താരം അപര്‍ണ റോയ്, ഹൈജമ്പില്‍ എം. ജിഷ്ണ, ഗായത്രി ശിവകുമാര്‍, ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബു എന്നിവരുടെ ആദ്യ സര്‍വകലാശാല മീറ്റായിരുന്നു ഇത്. പ്രതീക്ഷതെറ്റിക്കാതെ അപര്‍ണയും സാന്ദ്രയും കരിയറിലെ മികച്ച പ്രകടനത്തോടെ മെഡല്‍ നേടി.

42 വര്‍ഷത്തിനുശേഷം കാലിക്കറ്റിലേക്ക് ഡെക്കാത്ലണ്‍ സ്വര്‍ണം കൊണ്ടുവന്ന സല്‍മാന്‍ ഹാരിസിന്റെ നേട്ടം ശ്രദ്ധേയമായി. പോള്‍വോള്‍ട്ടില്‍ രണ്ടു സ്വര്‍ണവും കേരളത്തിലെത്തി. പുരുഷവിഭാഗത്തില്‍ ഗോഡ്വിന്‍ ഡാമിയനും വനിതകളില്‍ ദിവ്യ മോഹനും ജേതാക്കളായി. മീറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് റിലേ ഉള്‍പ്പെടെ റിലേകളില്‍ കേരളം ആധിപത്യം പുലര്‍ത്തി.

മംഗളൂരു സര്‍വകലാശാലയുടെ ആധിപത്യവും മദ്രാസ് സര്‍വകലാശാലയുടെ അവിശ്വസനീയ കുതിപ്പും കണ്ട മീറ്റായിരുന്നു ഇത്.

ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താനായെങ്കിലും പോയന്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് (188) മംഗളൂരു പിറകിലായി (170). അതേസമയം കഴിഞ്ഞവര്‍ഷം ആദ്യ നാലുസ്ഥാനങ്ങളില്‍പ്പോലുമില്ലാതിരുന്ന മദ്രാസ് സര്‍വകലാശാല മംഗളൂരുവിന് വെല്ലുവിളിയുയര്‍ത്തി.

ഇക്കുറി ഒന്‍പത് റെക്കോഡുകള്‍ പിറന്നു. 1500 മീറ്ററില്‍, ഒളിമ്പിക്‌സ് ലക്ഷ്യമിടുന്ന പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഹര്‍മിലാന്‍ ബൈന്‍സിന്റെ കുതിപ്പില്‍ മലയാളി താരം പി.യു. ചിത്രയുടെ റെക്കോഡ് ചരിത്രമായി. 10,000, 5000 മീറ്ററുകളില്‍ പുതിയ സമയം കുറിച്ച് മംഗളൂരുവിന്റെ നരേന്ദ്ര പ്രതാപ് സിങ് റെക്കോഡ് ഡബിള്‍ നേടി.

ആതിഥേയരായ ആല്‍വാസ് കോളേജിന്റെ കരുത്തിലായിരുന്നു ഇത്തവണയും മംഗളൂരു സര്‍വകലാശാലയുടെ മുന്നേറ്റം. മംഗളൂരുവിന്റെ മെഡല്‍പ്പട്ടികയിലെ മുഴുവന്‍ പോയന്റും ആല്‍വാസിന്റേതായിരുന്നു.

ഓരോ മീറ്റിലെയും മികച്ച താരങ്ങളെ കണ്ടെത്തി അവരെ ദത്തെടുക്കുന്നതാണ് ആല്‍വാസിന്റെ രീതി. 2018 മീറ്റില്‍ ട്രിപ്പില്‍ ജമ്പില്‍ റെക്കോഡ് നേട്ടക്കാരനായ മുംബൈ സര്‍വകലാശാലയുടെ ജയ് പ്രദീപ് ഷാ അടക്കം ഇത്തവണ ആല്‍വാസിന്റെ ലേബലില്‍ ഇറങ്ങി. ജയ് പ്രദീപ് മീറ്റിലെ മികച്ച പുരുഷതാരമായി. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനത്തിനൊപ്പം ആല്‍വാസ് താരങ്ങള്‍ക്ക് വന്‍തുക സ്‌റ്റൈപ്പെന്‍ഡായി നല്‍കുന്നു.

കേരളത്തിലെ പല സര്‍വകലാശാലകളും താരങ്ങള്‍ക്ക് ചെറിയ അലവന്‍സാണ് നല്‍കുന്നത്. താരങ്ങള്‍ക്ക് സര്‍വകലാശാലകളില്‍നിന്ന് വേണ്ട സഹായം ലഭിക്കാറില്ലെന്ന് പരിശീലകര്‍ തന്നെ പറയുന്നു. സാമ്പത്തികപിന്തുണ ലഭിക്കാതാവുമ്പോള്‍ ജോലിക്കുവേണ്ടി മാത്രമാണ് താരങ്ങള്‍ സ്‌പൈക്കണിയുന്നത്. ജോലി ലഭിക്കുന്നതോടെ കരിയറവസാനിപ്പിച്ച് പല താരങ്ങളും സാമ്പത്തിക സുരക്ഷതേടും. ഈ മീറ്റിലെ നിറംമങ്ങിയ പ്രകടനത്തിന്റെ കാരണം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരള സര്‍വകലാശാലകളുടെ വിജയഗാഥകള്‍ ഓര്‍മയാവും.

Content Highlights: All India Inter University Athletic Championship 2019-20 Kerala Performance