മൂഡബിദ്രി (മംഗളൂരു): രണ്ട് മീറ്റ് റെക്കോഡോടെ 81-ാം അഖിലേന്ത്യാ അന്തഃസര്‍വകലാശാല അത്ലറ്റിക് മീറ്റിന് മൂഡബിദ്രിയില്‍ തുടക്കം. ആദ്യ ഇനമായ 10,000 മീറ്റര്‍ ഓട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മംഗളൂരു സര്‍വകലാശാലയുടെ ആദേശ് യാദവ് 29.15.46 മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 

നരേന്ദ്ര പ്രതാപ് സിങ് 2020 ല്‍ സ്ഥാപിച്ച റെക്കോഡാണ് (29.42.19 ) ആദേശ് യാദവ് മറികടന്നത്. ജനനായക് ഷാ സര്‍വകലാശാലയിലെ ആരിഫ് അലി രണ്ടാമതെത്തി ( 29.18.82). ഇതും മീറ്റ് റെക്കോഡാണ്. മൂന്നാമതായി ഫിനിഷിങ് ലൈന്‍ തൊട്ട രാം വിനോദ് യാദവ് (29.27.45) ട്രാക്ക് മാറി ഓടിയതായി കണ്ടെത്തിയതോടെ അയോഗ്യനായി. ഇതോടെ മഹാറിഷി ദയാല്‍ സര്‍വകലാശാലയിലെ ശുഭം സിന്ധു വെങ്കലം സ്വന്തമാക്കി (29.46.39).

ആല്‍വാസ് കോളജിലെ ബി.എസ്സി. വിദ്യാര്‍ഥിയായ ആദേശ് യാദവ് കഴിഞ്ഞവര്‍ഷത്തെ റെക്കോഡ് ജേതാവ് നരേന്ദ്ര പ്രതാപ് സിങ്ങിന്റെ സുഹൃത്തും കോളേജ് ഹോസ്റ്റലിലെ സഹവാസിയുമായിരുന്നു. കഴിഞ്ഞതവണ 5000 മീറ്ററില്‍ നരേന്ദ്ര സ്വര്‍ണമണിഞ്ഞപ്പോള്‍ ആദേശിനായിരുന്നു വെള്ളി. നരേന്ദ്രയുടെ പരിശീലകനായ വിജയേന്ദ്ര സിങ് തന്നെയാണ് ആദേശിനേയും പരിശീലിപ്പിക്കുന്നത്. രണ്ടാംദിനമായ ബുധനാഴ്ച ഏഴ് ഫൈനലുകളുണ്ട്. ഹൈജമ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ മുഹമ്മദ് ജസീം, എം.ജി.യുടെ ടി.എന്‍. ദില്‍ഷിത് എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ട്രിപ്പിള്‍ ജമ്പില്‍ കാലിക്കറ്റിന്റെ സി.ഡി. അഖില്‍കുമാര്‍, എം.ജി.യുടെ ആകാശ് എം. വര്‍ഗീസ് എന്നിവരും മെഡല്‍പ്രതീക്ഷ നല്‍കുന്നുണ്ട്.

Content Highlights: 81st all india inter university athletic meet kicks off with two meet record