കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ത്രിപുരയെ എട്ട് വിക്കറ്റിന് കേരളം തകര്‍ത്തു. സഞ്ജു സാംസണും(56 നോട്ടൗട്ട്) രോഹന്‍ പ്രേമുമാണ്(40) കേരളത്തിന് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ത്രിപുര മുന്നോട്ടുവച്ച 112 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 16.1 ഓവറില്‍ മറികടന്നു. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബാസില്‍ തമ്പിയാണ് ത്രിപുരയെ തകര്‍ത്തത്.

സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു. ത്രിപുര നിരയില്‍ 35 റണ്‍സെടുത്ത യു.യു ബോസാണ് സ്‌കോര്‍ 100 കടത്തിയത്. 19.5 ഓവറില്‍ അവര്‍ 111 റണ്‍സിന് ആള്‍ഔട്ടാകുകയായിരുന്നു.