ചെന്നൈ: ആക്രമണത്തില്‍ തുല്യമായിരുന്നെങ്കിലും എഫ്.സി. പുണെ സിറ്റിക്ക് അവസരം മുതലാക്കാന്‍ ഒരു മെന്‍ഡോസയുണ്ടായിരുന്നില്ല. ചെന്നൈയിന്‍ എഫ്.സി.ക്ക് അതുണ്ടായിരുന്നു. തുല്യശക്തികളുടെ പോരാട്ടംകണ്ട മത്സരത്തില്‍ എഫ്.സി. പുണെയെ മറികടന്ന് ചെന്നൈയിന്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം ജയം നേടി (2-1). ബര്‍ണാഡ് മെന്‍ഡി (34), സ്റ്റീവന്‍ മെന്‍ഡോസ (48) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. പുണെയുടെ ഗോള്‍ കാലു ഉച്ചെ (75) സ്വന്തമാക്കി. ജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ ആതിഥേയര്‍ക്കായി. മെന്‍ഡിയാണ് കളിയിലെ താരം.

ആദ്യപകുതി ഇരുടീമുകളുടെയും ആക്രമണംകൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. മധ്യനിരക്കാരായ റാഫേല്‍ അഗുസ്‌തോ-ജയേഷ് റാണ സഖ്യം മുന്നേറ്റത്തില്‍ കളിച്ച എലാനോക്കും മെന്‍ഡോസയ്ക്കും നിരന്തരം പന്തെത്തിച്ചതോടെ പുണെ ഗോള്‍മുഖം പലപ്പോഴും വിറച്ചു. മറുവശത്ത് തുന്‍കെ സാന്‍ലിയെ ചെന്നൈയിന്‍ പ്രതിരോധം കടുത്ത നിരീക്ഷണത്തില്‍ വെച്ചതോടെ ജാക്കിചന്ദ് സിങ്ങിനും യെന്‍ഡ്രിക് റൂസിനും ആക്രമണത്തിനിറങ്ങേണ്ടിവന്നു.

തുടക്കത്തില്‍തന്നെ എലാനോയുടെയും മെന്‍ഡോസയുടെയും ഏകാംഗമുന്നേറ്റങ്ങള്‍ പുണെ ഗോളി സിമണ്‍സെന്‍ ഭംഗിയായി രക്ഷപ്പെടുത്തി. ചെന്നൈ സമ്മര്‍ദം ചെലുത്തുന്നതിനിടെ 34-ാം മിനിറ്റില്‍ ഗോള്‍ വന്നു. ധനചന്ദ്രസിങ്ങിന്റെ ത്രോയില്‍നിന്ന് വന്ന പന്ത് ബര്‍ണാഡ് മെന്‍ഡി തലകൊണ്ട് വലതുപോസ്റ്റിലേക്ക് ചെത്തിയിടുമ്പോള്‍ ഗോളി സ്ഥാനംതെറ്റി നില്‍ക്കുകയായിരുന്നു (1-0)
ഗോള്‍ വീണതോടെ പുണെ പ്രത്യാക്രമണം ശക്തിപ്പെടുത്തി. തുടരെ ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തി. ആദ്യപകുതിയുടെ അവസാനഘട്ടത്തില്‍ ജാക്കിചന്ദ് സിങ്ങിന്റെ തകര്‍പ്പന്‍ ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് അത്ഭുതരമായി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ചെന്നൈ രണ്ടാം ഗോള്‍ നേടി. എലാനോ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിലേക്ക് കയറിയ മെന്‍ഡോസ മുന്നോട്ടുകയറിവന്ന ഗോളിയെയും മറികടന്ന് പോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്തു. ലീഗില്‍ മെന്‍ഡോസയുടെ ആറാം ഗോള്‍. ഇതോടെ സൂപ്പര്‍ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി കൊളംബിയന്‍താരം. 74-ാം മിനിറ്റില്‍ പുണെ ഒരു ഗോള്‍ മടക്കി. ധര്‍മരാജ് രാവണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്തില്‍ കാലു ഉച്ചെ ഹെഡ് ചെയ്‌തെങ്കിലും ഗോളി തടസ്സമായി. റീബൗണ്ടില്‍ ഷോട്ടെടുക്കാനുള്ള ലിങ്‌ദോയുടെ ശ്രമം പരാജയപ്പെട്ടെങ്കിലും ഉച്ചെതന്നെ പന്ത് വലയിലേക്ക് അടിച്ചുകയറ്റി (2-1). സമനിലയ്ക്കായി പുണെ ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഗോളിമാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം ഫിക്രു പാഴാക്കിയതോടെ ലീഡ് ഉയര്‍ത്താനുള്ള അവസരം ചെന്നൈയ്ക്കും നഷ്ടമായി. അവസാനമിനിറ്റിലെ അവസരം മാര്‍ക്വീതാരം അഡ്രിയന്‍ മുട്ടു പാഴാക്കിയതോടെ പുണെയുടെ സമനിലമോഹം പൊലിഞ്ഞു.