മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ രണ്ടാം പതിപ്പിന്റെ ഗോളടിയന്ത്രമാവുകയാണ് മെന്‍ഡോസ വലെസിയയെന്ന കൊളംബിയന്‍ താരം. മെന്‍ഡോസയുടെ ഗോളടിമികവില്‍ ചെന്നൈയിന്‍ എഫ്.സി. സൂപ്പര്‍ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. മുംബൈ സിറ്റി എഫ്.സി.യെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പിച്ചത്. 66, 60 മിനിറ്റുകളിലായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍.

ഇരു ടീമുകളും ഒരുപോലെ ആക്രമണങ്ങള്‍ നടത്തുകയും അതുപോലെ തന്നെ അവസരങ്ങള്‍ തുലയ്ക്കുന്നതും കണ്ടാണ് മത്സരം പുരോഗമിച്ചത്. മുംബൈയുടെ ഒരു പ്രതിരോധ പിഴവില്‍ നിന്നാണ് മെന്‍ഡോസ ആദ്യഗോള്‍ നേടിയത്. പാവെലില്‍ നിന്ന് ലഭിച്ച പന്ത് പ്രദീഷ് ഷിരോദ്കര്‍ നേരത്തെ എലാനോയ്ക്ക് നല്‍കി. എലാനോയ്ക്ക് സ്‌കോര്‍ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ഗോളിയുടെ മുന്നില്‍ വച്ച് പന്ത് ഓടിയെത്തിയ മെന്‍ഡോസയ്ക്ക് കൈമാറുകയായിരുന്നു. മെന്‍ഡോസയ്ക്ക് പിഴച്ചുമില്ല.

മുംബൈയ്ക്ക് തിരിച്ചടിക്കാന്‍ അവസരം ലഭിക്കും മുന്‍പ് തന്നെ ചെന്നൈയിന്‍ അടുത്ത ഗോളും നേടി.  എലാനോയുടെ നീക്കത്തില്‍ നിന്നു തന്നെയാണ് ഗോള്‍ പിറന്നത്. ക്രോസ് ബാറില്‍ ഇടിച്ചുമടങ്ങിയ പന്ത് കിട്ടിയ മെന്‍ഡോസ ഇത്തവണവും അവസരം പാഴാക്കിയില്ല.

ചിത്രം: ഐഎസ്എല്‍ വെബ്‌സൈറ്റ്.