പനാജി: റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ ഫ്രീക്കിക്കെടുക്കുന്ന തന്റെ സുവര്‍ണകാലത്തെ ആക്ഷന്‍ ചിത്രം കണ്ടപ്പോള്‍ റോബര്‍ട്ടോ കാര്‍ലോസ് ഒരുനിമിഷം അതിലേക്ക് കൗതുകത്തോടെ നോക്കിനിന്നു. 

ഓര്‍മകളിരമ്പുന്ന ആ കളിക്കാലത്തെ മുന്നിലേക്ക് കൊണ്ടുവന്ന ചിത്രവുമായി പുറത്തിറങ്ങിയ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക തുറന്നുനോക്കി. ഐ.എസ്.എല്‍. ലേഖനങ്ങളിലൂടെ കണ്ണോടിച്ച അദ്ദേഹം ഇതേത് ഭാഷയാണെന്ന് ചോദിച്ച് മനസ്സിലാക്കി. കേരളത്തെയും കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തെയും കുറിച്ചറിഞ്ഞപ്പോള്‍ കൗതുകം ഒന്നുകൂടി ഇരട്ടിച്ചു. 

ഐ.എസ്.എല്‍. പ്രത്യേക പതിപ്പായി പുറത്തിറങ്ങിയ ഒക്ടോബര്‍ ലക്കം സ്‌പോര്‍ട്‌സ് മാസികയുടെ കവര്‍പേജില്‍ വലിയൊരു കൈയൊപ്പ് ചാര്‍ത്തിയ കാര്‍ലോസ്, കേരളത്തിലെ തന്റെ ആരാധകര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനും മറന്നില്ല. ഐ.എസ്.എല്ലില്‍ കളിക്കുന്ന എട്ട് ടീമുകളെയുംകുറിച്ചുള്ള സമ്പൂര്‍ണവിവരങ്ങള്‍ ഒക്ടോബര്‍ ലക്കം മാസികയുടെ പ്രത്യേകതയാണ്. എട്ട് ടീമുകളുടെയും ശക്തിയും ദൗര്‍ബല്യവും വ്യക്തമാക്കുന്ന വിശകലനങ്ങളും ഇതിലുണ്ട്.