കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പകുതി സമയത്ത് എഫ്.സി. ഗോവയ്‌ക്കെതിരെ മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നില്‍. രണ്ട് മിനിറ്റിനുള്ളിലായിരുന്നു ഗോളുകള്‍ രണ്ടും. 20-ാം മിനിറ്റില്‍ ദകഷിണാഫ്രിക്കന്‍ താരം സമേഗ് ഡൗട്ടിയാണ് സ്‌കോറിങ് തുടങ്ങിയത്. 22-ാം മിനിറ്റില്‍ സ്പാനിഷ് താരം നായകന്‍, ബോര്‍ഹ ഫെര്‍ണാണ്ടസ് ഒരു ലോംഗ് റേഞ്ചറിലൂടെ ഗോവയെ ഞെട്ടിച്ച് രണ്ടാം ഗോളും വലയിലാക്കി.

ജെയ്മി ഗാവിലാന്‍ വലതു പാര്‍ശ്വത്തില്‍ ഗോവന്‍ പ്രതിരോധത്തിലെ വിള്ളലിലൂടെ സമര്‍ഥമായി തള്ളി നല്‍കിയ പന്താണ് ഡൗട്ടി ഒരു പ്രതിരോധക്കാരനോട് മത്സരിച്ച് സമയോചിതമായി മികച്ചൊരു ചിപ്പിലൂടെ വലയിലെത്തിച്ചത്. ഡൗട്ടിയുടെ ഫിനിഷിന് മുന്നില്‍ ലക്ഷ്മികാന്ത് കട്ടിമണി തീര്‍ത്തും നിസ്സഹായനായിരുന്നു.

രണ്ട് മിനിറ്റിനുള്ളില്‍ ഡൗട്ടി തന്നെ രണ്ടാം ഗോളിനുള്ള അവസരവും തളികയിലെന്നോണം ബോര്‍ഹ ഫെര്‍ണാണ്ടസിന് നല്‍കി. ഗോള്‍ ലൈനിന്റെ അടുത്ത് നിന്നാണ് ഡൗട്ടി ബോക്‌സിന്റെ മുകളില്‍ കാത്തുനിന്ന ഫെര്‍ണാണ്ടസിന് പന്ത് കൈമാറിയത്. ആശയക്കുഴപ്പത്തില്‍ നിന്ന ഗോവന്‍ പ്രതിരോധത്തിന്റെ തലയ്ക്ക് മുകളിലൂടെ രണ്ടാമതൊന്നാലോചിക്കാതെ കരുത്തുറ്റ ഒരു ബുള്ളറ്റ് പായിച്ചു ഫെര്‍ണാണ്ടസ്. കട്ടിമണിക്ക് തൊടാന്‍ കിട്ടാതെ പന്ത് പോസ്റ്റിന്റെ ഇടതു മൂലയില്‍. കഴിഞ്ഞ സീസണിലെ ഒന്നാം മത്സരത്തിനുശേഷമാണ് ബോര്‍ജ വല ചലിപ്പിക്കുന്നത്.